ലോക്കപ്പില്‍ നഗ്നനാക്കി മര്‍ദിച്ചെന്ന പരാതിയുമായി യുവാവ്
കോഴിക്കോട്: ലോക്കപ്പില്‍ പൊലിസ് നഗ്നനാക്കി മര്‍ദിച്ചെന്ന് യുവാവിന്റെ പരാതി. അത്തോളി പുത്തഞ്ചേരി തയ്യുള്ളതില്‍ വീട്ടില്‍ ആണ്ടിക്കുട്ടിയുടെ മകന് അനൂപ് (28) ആണ് അത്തോളി പൊലിസിന്റെ മര്‍ദനത്തിനിരയായത്. അനൂപ് പറയുന്നതിങ്ങനെ: എപ്രില്‍ 28 ന് കൂമുള്ളി പുത്തഞ്ചേരിയിലെ സുഹൃത്തിന്റെ കല്യാണമായിരുന്നു.
അന്ന് തന്റെ ഗുഡ്സ് ഓട്ടോയിലെ സ്റ്റീരിയോ ഉപയോഗിച്ച് പാട്ടുവച്ചു. എന്നാല്‍ വീട്ടുകാരുടെ ബന്ധുകൂടിയായ കക്കോടി പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ പാട്ട് നിര്‍ത്തണമെന്നാവശ്യപ്പെട്ട് രംഗത്തുവരികയും തന്റെ ഓട്ടോയുടെ നമ്പര്‍ എഴുതിയെടുത്ത് പോവുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് മെയ് ഒന്നിന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ചോദ്യം ചെയ്ത് അന്നുതന്നെ വിട്ടയച്ചു. എന്നാല്‍ മെയ് ആറിന് രാവിലെ ഒന്‍പത് മണിക്ക് അത്തോളി സ്റ്റേഷനില്‍ നിന്ന് ജീപ്പുമായെത്തിയ പൊലിസ് സംഘം വീട്ടിലെ കുളിമുറിയിലായിരുന്ന തന്നെ ബലമായി പിടിച്ചു കൊണ്ടുപോയി. കക്കോടിയിലെ എ.എസ്.ഐയുടെ വീട്ടിലേക്ക് പടക്കമെറിഞ്ഞെന്നും വീടിന്റെ ചില്ല് തകര്‍ന്നെന്നും പറഞ്ഞാണ് പൊലിസ് പിടിച്ചു കൊണ്ടുപോയത്.
ഭാര്യയും അമ്മയും തടയാന്‍ ശ്രമിച്ചെങ്കിലും അവരെ അസഭ്യം പറഞ്ഞു. സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിലിട്ട് നഗ്നനാക്കി മര്‍ദിച്ചെന്നും അനൂപ് പറയുന്നു.
വൈകിട്ട് നാലിന് ജാമ്യം ലഭിച്ചിറങ്ങിയ അനൂപ് സ്റ്റേഷന്റെ പുറത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. കുഴഞ്ഞു വീണ യുവാവിനെ സ്റ്റേഷനിലെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു.
വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത അനൂപിനെ 10 മണിക്കൂറോളം ലോക്കപ്പിലിട്ടതായും ജാമ്യം നല്കാന് തയാറായില്ലെന്നും ഇവര്‍ ആരോപിച്ചു. കൂടാതെ മര്‍ദിച്ച പൊലിസുകാരനെതിരേ അത്തോളി പൊലിസില്‍ പരാതി നല്‍കിയെങ്കിലും സ്വീകരിക്കാന്‍ തയാറായില്ലെന്നും അനൂപ് പറഞ്ഞു.
എന്നാല്‍ അനൂപിനെ ഉച്ചക്ക് ഒന്നരയോടെ അറസ്റ്റ് ചെയ്ത് വൈകിട്ട് മൂന്നോടെ ജാമ്യത്തില്‍ വിട്ടതായും ജാമ്യമെടുക്കാന്‍ വന്നവരുടെ മുന്നില്‍ കുഴഞ്ഞു വീണതായി അഭിനയിക്കുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. സംഭവം കെട്ടിച്ചമതാണെന്നാണ് അത്തോളി പൊലിസിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."