വിശപ്പുരഹിത കേരളം പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നു
തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി വിശപ്പുരഹിത കേരളം പദ്ധതി സംസ്ഥാനവ്യാപകമാക്കുന്നു. ഇതിനായി ഭക്ഷ്യവകുപ്പിന് 14 കോടി രൂപ അനുവദിച്ചു.
എല്ലാ ജില്ലകളിലുമുള്ള വര്‍ക്കിങ് ഗ്രൂപ്പ് പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ പണം അനുവദിക്കും. രണ്ടു മാസത്തിനുള്ളില്‍ പദ്ധതി സംസ്ഥാനവ്യാപകമാക്കും.
ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങിയതാണ് വര്‍ക്കിങ് ഗ്രൂപ്പ്. ഇവര്‍ വകുപ്പ് സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. നിലവില്‍ ആലപ്പുഴ ജില്ലയില്‍ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. കഴിഞ്ഞ ബജറ്റിലാണ് സര്‍ക്കാര്‍ വിശപ്പുരഹിത കേരളം പദ്ധതി പ്രഖ്യാപിച്ചത്. ഒരുനേരത്തെ ഭക്ഷണത്തിന് വഴിയില്ലാത്ത കിടപ്പുരോഗികള്‍, വാര്‍ധക്യം ബാധിച്ചവര്‍, അംഗപരിമിതര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ക്കാണ് പദ്ധതിയുടെ ഭാഗമായി വീടുകളില്‍ ഉച്ചഭക്ഷണം എത്തിക്കുക.
വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലെത്തി ഭക്ഷണം കഴിക്കാന്‍ കാശില്ലാതെ വലയുന്നവര്‍ക്ക് കുറഞ്ഞനിരക്കില്‍ ഭക്ഷണം നല്‍കാനായി ഭക്ഷണശാലകളും തുടങ്ങും. സബ്‌സിഡി നിരക്കില്‍ സര്‍ക്കാര്‍ മെനുപ്രകാരം ആയിരിക്കും ഭക്ഷണം ഒരുക്കുക. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി സ്വകാര്യ ഹോട്ടലുകളുമായി സഹകരിച്ച് ആശാ വര്‍ക്കര്‍മാരുടെ സഹായത്തോടെയാണ് ഭക്ഷ്യവകുപ്പ് പദ്ധതി നടപ്പാക്കുന്നത്.
ഇതിനായി സഹകരിക്കുന്ന സ്വകാര്യ ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ അംഗീകൃതം എന്ന പദവി നല്‍കും. കൂടാതെ ടൂറിസം വകുപ്പിന്റെ സൈറ്റുകളില്‍ ഈ ഹോട്ടലുകളെ ഉള്‍പ്പെടുത്തും.
സപ്ലൈകോ സബ്‌സിഡി നിരക്കില്‍ സാധനങ്ങളും ഹോര്‍ട്ടികോര്‍പ് വഴി പച്ചക്കറികളും വിതരണം ചെയ്യും.സബ്‌സിഡി നിരക്കില്‍ പാചകവാതകം ഉറപ്പാക്കുകയും ചെയ്യും. ഹോട്ടലുകളെ കൂടാതെ ആശുപത്രി കാന്റീനുകള്‍, കുടുംബശ്രീ ഭക്ഷണശാലകള്‍, സന്നദ്ധപ്രവര്‍ത്തകരുടെ ഭക്ഷണവിതരണം തുടങ്ങിയവയുമായി സര്‍ക്കാര്‍ സഹകരിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹ്യക്ഷേമ വകുപ്പ്, ജനപ്രതിനിധികള്‍, ആശാ വര്‍ക്കേഴ്‌സ് തുടങ്ങിയവരുടെ സഹായത്തോടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തുക.
അര്‍ഹരായവര്‍ക്ക് ടോക്കണുകള്‍ വിതരണം ചെയ്യും. ഈ ടോക്കണുകള്‍ ബന്ധപ്പെട്ട ഹോട്ടലിലോ ഭക്ഷണശാലയിലോ കൊടുത്താല്‍ ഭക്ഷണം സൗജന്യമായി ലഭിക്കും. ഭക്ഷണ വിതരണം മോണിറ്റര്‍ ചെയ്യാന്‍ സപ്ലൈകോയുടെ നേതൃത്വത്തില്‍ സെല്ലും പ്രവര്‍ത്തിക്കും.
അരിയും ധാന്യങ്ങളും സൗജന്യമായി ലഭ്യമാക്കുന്നുണ്ടെങ്കിലും പലരും വീടിനുള്ളില്‍ വിശന്നിരിക്കുന്ന അവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. റേഷന്‍ കടകളില്‍ പോയി അരിയും ധാന്യങ്ങളും വാങ്ങാന്‍ കഴിയാത്തവിധം പ്രായമേറിയവരും അസുഖം ബാധിച്ച് കിടപ്പായവരും നിരവധിയാണ്.
ഇവര്‍ക്ക് ഒരുനേരത്തെ ഭക്ഷണമെങ്കിലും വീട്ടിലെത്തിക്കുന്നതാണ് പദ്ധതി. ആളുകള്‍ കൂടുതല്‍ എത്താന്‍ സാധ്യതയുള്ള ആശുപത്രികളടക്കമുള്ളവ ഉള്ള സ്ഥലങ്ങളിലാകും ഭക്ഷണശാല തുടങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."