മലയോര മേഖലയില്‍ എഴുത്ത് ലോട്ടറി തട്ടിപ്പ് വ്യാപകം നടപടിയെടുക്കാതെ അധികൃതര്‍
കുന്നുംകൈ: സംസ്ഥാന ലോട്ടറിയുടെ പേരുപറഞ്ഞ് എഴുത്ത് ലോട്ടറികള്‍ മലയോര മേഖലയില്‍ വ്യാപകമാകുന്നു. കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന ലോട്ടറിയുടെ അവസാന മൂന്ന് അക്കങ്ങള്‍ പ്രവചിക്കുന്ന രീതിയാണ് എഴുത്ത് ലോട്ടറി. പ്രവചനം ശരിയായാല്‍ 5,000 രൂപ മുതല്‍ സമ്മാനവും ലഭിക്കും.
സംസ്ഥാന ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന നിര്‍ധന തൊഴിലാളികളാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്. ചുരുങ്ങിയ തുകക്ക് കൂടുതല്‍ സമ്മാനം ലഭിക്കാന്‍ സാധ്യതയുള്ളതിനാലാണ് എഴുത്ത് ലോട്ടറിയിലേക്ക് കൂടുതല്‍ ആളുകള്‍ ആകൃഷ്ടരാകുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഏജന്റുമാരെ നിയമിച്ചാണു മൂന്നക്ക എഴുത്ത് ലോട്ടറി മാഫിയ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന ഭാഗ്യക്കുറി വില്‍ക്കുന്നവരില്‍ ചിലരും ഇതേ മാഫിയയിലെ അംഗങ്ങളാണെന്നും ആരോപണമുണ്ട്.
ആവശ്യപ്പെടുന്ന മൂന്നക്കം കടലാസില്‍ എഴുതി നല്‍കുകയാണ് ഏജന്റുമാര്‍ ചെയ്യുന്നത്. ഇതിന് 10 മുതല്‍ 20 രൂപ വരെയാണ് വില. അടുത്തദിവസം ഫലം പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ ലോട്ടറിയുടെ അവസാന മൂന്നക്കവും കടലാസിലെഴുതിയ അക്കവും ഒത്തുവന്നാല്‍ 5,000 രൂപ ലഭിക്കും.
സംസ്ഥാന ഭാഗ്യക്കുറിയുടെ വില 30 രൂപക്ക് മുകളിലേക്ക് മാത്രമേയുള്ളൂ. എഴുത്ത് ലോട്ടറിയില്‍ 5,000 രൂപ ലഭിക്കാന്‍ സാധ്യതയേറെയുള്ളതിനാലും കൂടുതല്‍ ആളുകള്‍ ഇതിലേക്ക് വരുന്നുണ്ടെന്ന് ലോട്ടറി വ്യാപാരികള്‍ തന്നെ പറയുന്നു. നിരന്തര പരാതിയെ തുടര്‍ന്നു കഴിഞ്ഞ മാസം മലയോരത്ത് ചില ലോട്ടറി സ്റ്റാളുകളില്‍ റെയ്ഡ് നടത്തിയിരുന്നു.
വെള്ളരിക്കുണ്ട്, ചിറ്റാരിക്കല്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ തട്ടിപ്പ് നടക്കുന്നത്. ഇത്തരം തട്ടിപ്പ് അറിഞ്ഞിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപവുമുണ്ട്. ജില്ലയില്‍ ഇതിനായി പ്രത്യേക ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. സമ്മാനങ്ങള്‍ ലഭിച്ചവര്‍ക്ക് കൃത്യമായി എത്തിച്ചുനല്‍കാനുള്ള സംവിധാനവും ശൃംഖലയിലുണ്ട്. കടലാസില്‍ എഴുതിനല്‍കുന്ന മൂന്ന് അക്കങ്ങളല്ലാതെ മറ്റു തെളിവുകള്‍ ഇല്ലാത്തതിനാല്‍ നടപടിയെടുക്കാനാകാതെ കുഴങ്ങുകയാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."