കായംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ വാതില്‍ തകര്‍ത്ത് കവര്‍ച്ചാ ശ്രമം
കായംകുളം : മജിസ്‌ട്രേറ്റ് കോടതിയില്‍ വാതിലുകള്‍ കുത്തിപ്പൊളിച്ച് മോഷണശ്രമം. അകത്തുകടന്ന മോഷ്ടാവ് മജിസ്‌ട്രേറ്റിന്റെ ചേമ്പറില്‍ കയറി ഫയലുകള്‍ അലങ്കോലപ്പെടുത്തുകയും മജിസ്‌ട്രേറ്റിന്റെ ലാപ്‌ടോപ്പ് താഴെ അടിച്ചു കേടുപാടുവരുത്തുകയും ചെയ്തു. ഇന്നലെ രാവിലെ ജീവനക്കാര്‍ കോടതിയിലെത്തിയപ്പോഴാണ് വിവരമറിയുന്നത്.
കോടതിയുടെ വിവിധഭാഗങ്ങളിലെ മൂന്നു വാതിലുകള്‍ ചിവട്ടിപ്പൊളിച്ച നിലയിലായിരുന്നു. ആലപ്പുഴയില്‍ നിന്നും ഫോറന്‍സിക് വിദഗ്ദരും ഡോഗ് സ്‌കോഡും കോടതിയിലെത്തി തെളിവെടുത്തു. കായംകുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന കോടതി വളപ്പ് രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടേയും മോഷ്ടാക്കളുടേയും സ്ഥിരം കേന്ദ്രമാകുന്നതായി പരാതിയുണ്ട്.
കോടതിക്കുള്ളില്‍ നിന്ന് വിലപ്പെട്ട രേഖകള്‍ എന്തെങ്കിലും കൈക്കലാക്കാനോ നശിപ്പിക്കാനോ ശ്രമം നടന്നതാണോ എന്നും സംശയമുണ്ട്. കോടതികള്‍ കേന്ദ്രമാക്കി മോഷണങ്ങള്‍ നടത്തുന്നവരേയും അടുത്തിടെ പുറത്തിറങ്ങിയ മോഷ്ടാക്കളേയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് കോടതി വളപ്പിലെ തന്നെ വക്കീല്‍ ഓഫീസുകളില്‍ മോഷണശ്രമം നടന്നിരുന്നു. ആലപ്പുഴ എസ്.പി. പി. അക്ബര്‍, ഡി.വൈ.എസ്.പി.ഷിഹാബുദ്ദീന്‍, സി.ഐ. കെ.സദന്‍, എസ്.ഐ. ഡി.രജീഷ്‌കുമാര്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്ഥിരമായി പോലീസ് എയ്ഡ്‌പോസ്റ്റും സി.സി.ടിവി സംവിധാനങ്ങളും ഉടന്‍ സ്ഥാപിക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."