കല്ലാച്ചിയില്‍ കണ്ടെത്തിയ അസം സ്വദേശിക്ക് നഷ്ടമായത് വിലപ്പെട്ട വസ്തുക്കള്‍
നാദാപുരം: ആഴ്ചകളായി കല്ലാച്ചിയില്‍ അലഞ്ഞു തിരിഞ്ഞ അസം സ്വദേശിയെ സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് അഭയ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും വിലപ്പെട്ട സാധനങ്ങളെല്ലാം നഷ്ടമായി. കടത്തിണ്ണകളിലും പൊതു ഇടങ്ങളിലുമായി കഴിഞ്ഞു കൂടിയിരുന്ന ഇയാള്‍ ഭാണ്ഡക്കെട്ടിനുള്ളിലായിരുന്നു സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. കൈവശമുള്ള വിലയേറിയ സാധനങ്ങള്‍ കണ്ട കല്ലാച്ചിയിലെ ഒരു വ്യാപാരി ട്രോളി ബാഗ് നല്‍കി സഹായിച്ചു.
എന്നാല്‍ ദിവസങ്ങള്‍ നീണ്ട കറക്കത്തിനിടയില്‍ ട്രോളി ബേഗും അവയില്‍ ഉണ്ടായിരുന്ന രേഖകള്‍, പണം തുടങ്ങിയവയും ആരോ മോഷ്ടിച്ചതായാണ് ഇയാള്‍ പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് അസമിലെ ലഖീപുര്‍ നകാരി വില്ലേജിലെ അറുപതുകാരനായ ബുദ്ധകുമാര്‍ നാഥിനെ വൃത്തിഹീനമായ ചുറ്റുപാടില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് എടച്ചേരി തണല്‍ അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്. തുടക്കത്തില്‍ ആളുകളെ കണ്ടു ഭയന്നോടാന്‍ ശ്രമിച്ചെങ്കിലും പൊലിസെത്തിയതോടെയാണ് ഇയാള്‍ സംസാരിക്കാന്‍ കൂട്ടാക്കിയത്. അസമില്‍ സര്‍ക്കാര്‍ സര്‍വിസില്‍ നിന്നും പിരിഞ്ഞ ഇയാളുടെ കൈവശം പണവും മറ്റു രേഖകളും ഉണ്ടായിരുന്നതായും ഇവയെല്ലാം ഇവിടെ വച്ച് നഷ്ടപ്പെട്ടതായും പൊലിസിനോട് പറഞ്ഞു. ഭാര്യയും ഉന്നത വിദ്യാഭ്യാസമുള്ള മക്കളും നാട്ടിലുണ്ട്. ഇയാള്‍ നല്‍കിയ മേല്‍വിലാസത്തില്‍ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാദാപുരം പൊലിസ്. എന്നാല്‍ നാട്ടിലേക്ക് തിരിച്ചുപോകാന്‍ ഇയാള്‍ ഒരുക്കമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."