അനധികൃത നികത്തലും കൈയേറ്റവും; പമ്പാനദി നശിക്കുന്നു
മാന്നാര്‍: ഏകദേശം ഇരുപതിനായിരത്തോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പമ്പാനദിയാല്‍ ചുറ്റപ്പെട്ട ഹരിതാഭമായ ഒരു മനോഹര ദ്വീപാണ് പരുമല. ജലസമ്യദ്ധിയും ക്യഷി വൈവിധ്യവുംകൊണ്ട് പ്രസിദ്ധമായിരുന്നു ഇവിടം.
നെല്ല്, കരിമ്പ്, പച്ചക്കറികള്‍, ഔഷധ സസ്യങ്ങള്‍, തെങ്ങ് തുടങ്ങിയവയെല്ലാം വിളഞ്ഞിരുന്ന ഇവിടെ ഇപ്പോള്‍ തെങ്ങുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഒരു കാലത്ത് നെല്ലറയായിരുന്ന പരുമലയിലെ പാടശേഖരങ്ങള്‍ ഇന്ന് തരിശുനിലങ്ങളായിരിക്കുന്നു. കുടിക്കുവാനും, ഭക്ഷണം പാകംചെയ്യുവാനും, ക്യഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും നിര്‍ലോഭം ജലം ലഭിച്ചിരുന്ന ഇവിടെ വേനല്‍ ക്കാലമാകുന്നതോടെ കിണറുകളും ജലസ്രോതസ്സുകളും വറ്റിയ സ്ഥിതിയിലെത്തിനില്‍ക്കുകയാണ്.
ആയിരക്കണക്കിന് കര്‍ഷക തൊഴിലാളികളും, മത്സ്യതൊഴിലാളികളുമാണ് ഇവിടെ തൊഴിലെടുത്ത് ഉപജീവനമാര്‍ഗ്ഗം തേടിയിരുന്നത്. പമ്പാ നദിയില്‍ ഉടന്‍ കമ്മിഷന്‍ ചെയ്യാന്‍ പോകുന്ന വന്‍ കുടിവെള്ള പദ്ധതിയും സമീപ ഭാവിയില്‍തന്നെ പരുമലയെ കൊടും വരള്‍ച്ചയിലേക്ക് തള്ളിവിടുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല. അനധിക്യത മണല്‍ വാരലും കൈയ്യേറ്റവും നികത്തലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മാലിന്യ നിക്ഷേപങ്ങളും കാരണം പമ്പാനദി നീരൊഴുക്ക് നഷ്ടപ്പെട്ട് ചെളി നിറഞ്ഞും ആഴവും, വീതിയുമില്ലാതെ നശിച്ചുകൊണ്ടിരിക്കുകയാണ്.
നാക്കട കടവില്‍ നിന്ന് രണ്ടായി പിരിഞ്ഞ് പരുമലയെ ചുറ്റിയൊഴുകുന്ന പമ്പാനദിയുടെ ഒരു ഭാഗം നാക്കട കടവില്‍ നിന്നാരംഭിച്ച് ഇല്ലിമല പാലത്തിന്റെ തെക്ക് ഭാഗത്ത് അച്ചന്‍കോവിലാറിന്റെ ഒരു കൈവഴിയുമായി ചേര്‍ന്ന് പടിഞ്ഞാറോട്ടൊഴുകി അമ്പലപ്പറമ്പുമാലി ചുറ്റി പന്നായിപാലത്തിന്റെ ഭാഗത്തെത്തി വീണ്ടും ഒന്നായി ചേരുന്ന പമ്പാ നദിയുടെ നാലര കി.മി. വരുന്ന 120 അടിയോളം വീതിയുണ്ടായിരുന്ന ആറ് ഇന്ന് ഇരുകരകളിലുമായിട്ടുള്ള അനധിക്യത നികത്തലും കൈയ്യേറ്റങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മൂലം വീതിയും ആഴവും കുറഞ്ഞ് മാലിന്യം നിറഞ്ഞ 20 അടി വീതിപോലുമില്ലാതെ നശിച്ചുകൊണ്ടിരിക്കുകയാണ്. പരുമലയിലെ ആയിരക്കണക്കിന് ഹെക്ടര്‍ വരുന്ന പാടശേഖരങ്ങള്‍ ഇന്ന് നെല്‍ക്യഷിയില്ലാതെ തരിശുനിലമായി കിടക്കുകയാണ്.
തിക്കപ്പുഴ തോടിന്റെ തുടക്കഭാഗത്ത് 20 മീറ്റര്‍ വീതിയും തെക്കേയറ്റത്ത് 13.5 മീറ്റര്‍ വീതിയുമാണ് ഉണ്ടായിരുന്നത്. ഒരു കാലത്ത് ഈ തോട്ടിലൂടെയാണ് കേവു വള്ളങ്ങളും, ചരക്കുവള്ളങ്ങളും, യാത്രാവള്ളങ്ങളും മത്സ്യബന്ധന വള്ളങ്ങളും യഥേഷ്ടം സഞ്ചരിച്ചിരുന്നത്. നാല് വശങ്ങളും പമ്പാനദിയാല്‍ ചുറ്റപ്പെട്ടും 13 പാടശേഖരങ്ങളാലും നീര്‍ത്തടങ്ങളാലും ജല സമ്യദ്ധമായിരുന്ന പരുമലയില്‍ ഇന്ന് ശുദ്ധജലം ലഭിക്കാത്ത അവസ്ഥയാണ്.
ഭൂഗര്‍ഭജലംമില്ലാതെ നീരുറവകള്‍വറ്റി കിണറുകള്‍ വരണ്ട് കുടിവെള്ളം ലഭിക്കാതെ ജനങ്ങള്‍ വലയുകയാണ്. തീരദേശത്ത് കുടിവെള്ളത്തിനായി നടപ്പിലാക്കാന്‍ പോകുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതി പരുമലയുടെ പടിഞ്ഞാറ് കളപ്പുരക്കടവിന് അക്കരെയാണ്. പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചാത്തിന്റെ അധികാര പരിധിയിലെ ഇവിടെ നിന്നുമാണ് ജലം എടുക്കുന്നതിനുള്ള പടുകൂറ്റന്‍ മോട്ടോര്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രതിദിനം 650 ദശലക്ഷം ലിറ്റര്‍ ജലമാണ് പമ്പാനദിയില്‍ നിന്നും ശേഖരിച്ച് ആലപ്പുഴ തകഴിക്കടുത്ത് കരുമാടിയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ശുദ്ധജല പ്ലാന്റിലേക്ക് എത്തിക്കുവാന്‍ ഉദ്ദേശിക്കുന്നത്.
ഈ ജലമൂറ്റ് പമ്പാനദിയെ പരിസ്ഥിതിയുമായി ബാധിക്കുകയും നദിയുടെ നാശത്തിന് കാരണമാവുകയും ചെയ്യും. യാതൊരുവിധ പാരിസ്ഥിതിയാഘാത പഠനങ്ങളും നടത്താതെയും ലക്ഷക്കണക്കിന് ഘനയടി ജലം പ്രതിദിനം ഇവിടെനിന്നും പമ്പ് ചെയ്യുമ്പോള്‍ മാന്നാര്‍, പരുമല, നിരണം, പാണ്ടനാട് പഞ്ചായത്തുകളില്‍ ഉണ്ടാകാന്‍ പോകുന്ന ജലക്ഷാമത്തെപ്പറ്റി മനസ്സിലാക്കാതെയും നടപ്പിലാക്കാന്‍ പോകുന്ന പദ്ധതി പ്രശ്‌നം ഉണ്ടാക്കാന്‍ സാധ്യതയേറുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."