വീണ്ടും രാഷ്ട്രീയക്കൊല; ഭീതിയില്‍ നാട്
തലശ്ശേരി: മാഹി മേഖലയില്‍ ഇന്നലെ രാത്രി പ്രകോപനങ്ങളൊന്നുമില്ലാതെ പൊടുന്നനെയുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ണൂര്‍ ജില്ലയെ ഞെട്ടിച്ചു. സി.പി.എം പ്രാദേശിക നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെ കൊലപ്പെടുത്തിയെന്ന വിവരം പുറത്തുവരുന്നത് രാത്രി 9.15ഓടെയാണ്. തുടര്‍ന്ന് മാഹി മേഖലയിലാകെ ഭീതിപരന്നു. ഒരുമണിക്കൂര്‍ തികയുന്നതിനു മുമ്പേ 10 മണിയോടെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഷമേജിനെയും കൊലപ്പെടുത്തിയെന്ന വിവരംകൂടി വന്നു. ഇതോടെ മയ്യഴി മേഖല സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു.
ആദ്യ കൊലപാതക വിവരം പുറത്തുവന്നതോടെ മാഹി പ്രദേശത്തേക്ക് ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെയും നിരവധി പൊലിസ് ബസുകളുടെയും ഒഴുക്കായിരുന്നു. പിന്നീട് ബി.ജെ.പി പ്രവര്‍ത്തകന്‍ കൂടി വെട്ടേറ്റു മരിച്ചതായും ഒരു സി.പി.എം പ്രവര്‍ത്തകനു കൂടി വെട്ടേറ്റതായും വിവരം പുറത്തുവന്നു. എന്നാല്‍ സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ മേഖലയില്‍ കനത്ത പൊലിസ് സന്നാഹം ഒരുക്കി.
ഇതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും അയവുവന്നത്. സംഘര്‍ഷ സാധ്യത പോലും ഇല്ലാത്ത പ്രദേശത്ത് പൊടുന്നനെ ഉണ്ടായ രണ്ടു കൊലപാതകം നടന്നത് ഉള്‍ക്കൊള്ളാന്‍ പോലും മാഹിയിലെ ആളുകള്‍ക്ക് സാധിച്ചിട്ടില്ല. മരിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ ഷമേജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കണ്ണൂര്‍ ജില്ലയിലും മാഹിയും ഹാര്‍ത്താലിന് സി.പി.എമ്മും ബി.ജെ.പി-ആര്‍.എസ്.എസ് ആഹ്വാനം ചെയ്തതോടെ പൊലിസ് ജില്ലയിലെ സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി പട്രോളിങ് സംഘങ്ങളും രംഗത്തുണ്ട്. തലശ്ശേരി, പാനൂര്‍ മേഖലയില്‍ കനത്ത പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സി.പി.എം പ്രവര്‍ത്തകന്റെകൊലയില്‍ പങ്കില്ലെന്ന് ബി.ജെ.പി
കണ്ണൂര്‍: മാഹിയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലപതാകം നിന്ദ്യവും ആസൂത്രിതവുമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശന്‍. സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊലപാതകത്തില്‍ ബി.ജെ.പിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും യാതൊരും അറിവും ഇല്ലെന്നിരിക്കെ അതിന്റെ ചുവടുപിടിച്ചു വളരെ ആസൂത്രിതമായി നടത്തിയ കൊലപതാകമാണ് ഷമേജിന്റേത്. സംഭവത്തെകുറിച്ച് ശക്തമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്: സി.പി.എം
കണ്ണൂര്‍: മാഹിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ ബാബു കണ്ണിപ്പൊയിലിനെ കഴുത്തറുത്തു കൊലപ്പെടുത്തിയതിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. ഒരു വര്‍ഷം മുന്‍പ് ബാബുവിനെ ആര്‍.എസ്.എസുകാര്‍ അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നെങ്കിലും അന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കൂത്തുപറമ്പില്‍ ആര്‍.എസ്.എസിന്റെ ആയുധപരിശീന ക്യാംപ് കഴിഞ്ഞതിന് ശേഷമാണ് നിഷ്ഠൂരമായിട്ടുള്ള ഈ കൊലപാതകം നടന്നത്. ഇത് ആര്‍.എസ്.എസ് നേതൃത്വം ആസൂത്രണം ചെയ്ത കൊലപാതകമാണ്. ഗൂഡാലോചനയെ കുറിച്ച് കൂടി പൊലിസ് അന്വേഷിക്കണമെന്നും എത്രയും പെട്ടന്ന് പ്രതികളെ പിടികൂടണമെന്നും സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."