പ്ലാസ്റ്റിക് നിരോധന നടപടികള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം
കൊല്ലം: ജില്ലയിലെ എല്ലാ നഗരസഭകളും ഗ്രാമപ്പഞ്ചായത്തുകളും പ്ലാസ്റ്റിക് കവറുകളുടെ നിരോധനം കര്‍ശനമായി നടപ്പാക്കുന്നതിന് നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.മിത്ര റ്റി നിര്‍ദേശിച്ചു. 50 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക് കവറുകളുടെ വിപണനം ജില്ലയില്‍ നിരോധിച്ചിട്ടുണ്ട്. 2016ലെ കേന്ദ്ര സര്‍ക്കാരിന്റെ പ്ലാസ്റ്റിക് മാനേജ്‌മെന്റ് നിയമം, സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുകള്‍ എന്നിവ അനുസരിച്ചാണ് നിരോധനം. ഇത് സംബന്ധിച്ച വിജ്ഞാപന, രജിസ്‌ട്രേഷന്‍ നടപടികള്‍ ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും വേഗത്തിലാക്കണമെന്നും കലക്ടര്‍ പറഞ്ഞു.
ഏപ്രില്‍ ഒന്നു മുതല്‍ വില്‍പ്പന സാധനങ്ങള്‍ 50 മൈക്രോണില്‍ കുറയാത്ത പ്ലാസ്റ്റിക് ക്യാരി ബാഗുകളില്‍ മാത്രമാണ് വിതരണം ചെയ്യുന്നതെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ കടകളില്‍ നിന്നും സൗജന്യമായി നല്‍കാന്‍ പാടില്ല. 50 മൈക്രോണോ അതിന് മുകളിലോ ഉള്ള ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്ന തെരുവ് കച്ചവടക്കാര്‍ ഉള്‍പ്പെടെയുളള വ്യാപാരികള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ഒരു മാസം കുറഞ്ഞത് 4000 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് 48,000 രൂപ പ്ലാസ്റ്റിക് പരിപാലന ഫീസായി വ്യാപാരികളില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കണം. ഉപയോഗത്തിന്റെ തോത് അനുസരിച്ച് കൂടുതല്‍ തുക ഈടാക്കണം. രജിസ്റ്റര്‍ ചെയ്യാത്ത വ്യാപാരികള്‍ ഒരുതരത്തിലുമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളിലും സാധനങ്ങള്‍ വില്‍ക്കാന്‍ പാടില്ല. പ്ലാസ്റ്റിക് ക്യാരി ബാഗുകളില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന വ്യാപാരികള്‍ അതിന് വില ഈടാക്കുന്നതാണ് എന്ന ബോര്‍ഡ് കച്ചവട സ്ഥാപനങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ അനധികൃത വിതരണം, ഉപയോഗം എന്നിവ കര്‍ശനമായി തടയണം. കടകളിലും മാര്‍ക്കറ്റുകളിലും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വരുംദിവങ്ങളില്‍ പരിശോധന വ്യാപകമാക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ജില്ലയില്‍ പരവൂര്‍ നഗരസഭ മാത്രമാണ് വ്യാപാരികളില്‍ നിന്നും പ്ലാസ്റ്റിക് പരിപാലന ഫീസ് ഈടാക്കാന്‍ നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജി കൃഷ്ണകുമാര്‍ അറിയിച്ചു. ഇതിനകം 48000 രൂപാ ഫീസായി നഗരസഭയിലെത്തി. കര്‍ശനമായ പരിശോധനകളിലൂടെ അനധികൃത പ്ലാസ്റ്റിക് കവര്‍ വിതരണം തടയുന്നതിനും നഗരസഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ശുചിത്വ മിഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."