അധ്യാപക പരിശീലനം: ജൂണ്‍ മുതല്‍ പുതിയ പാഠ്യപദ്ധതി
മലപ്പുറം: സംസ്ഥാനത്തെ പ്രൈമറി അധ്യാപക വിദ്യാഭ്യാസ കോഴ്‌സായ ടി.ടി.സിക്ക് വീണ്ടും പേരുമാറ്റം. നിലവില്‍ ഡി.എഡ് എന്ന പേരില്‍ അറിയപ്പെടുന്ന കോഴ്‌സ് ജൂണ്‍ മുതല്‍ ഡി.എല്‍.ഇ.ഡി എന്ന് പുനര്‍ നാമകരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൊതുവിദ്യാലയങ്ങളില്‍ എട്ടാംക്ലാസ് വരെ പഠിപ്പിക്കാന്‍ വേണ്ട യോഗ്യതയായ ടി.ടി.സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ് 2013ലാണ് ആദ്യം പേരുമാറ്റിയത്.
2013 മുതല്‍ ഡിപ്ലോമ ഇന്‍ എജ്യുക്കേഷന്‍(ഡി.എഡ്)എന്നാണ് പുനര്‍ നാമകരണം ചെയ്തത്. 2014 ലെ എന്‍.സി.ടി.ഇ ചട്ടങ്ങള്‍ പ്രകാരം കേരളത്തിലെ ഡി.എഡ് എന്ന പേര് നിലനില്‍ക്കില്ലെന്നും പേര് മാറ്റണമെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നു.
പാര്‍ലമെന്റ് 1993 ല്‍ പാസാക്കിയ എന്‍.സി.ടി.ഇ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് സംസ്ഥാനത്ത് നിലവിലുള്ള ഡി.എഡ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. പേര് മാറ്റണമെന്ന കേന്ദ്ര നിര്‍ദേശം പരിഗണിക്കാതെ ഡി.എഡ് എന്ന പേരില്‍ തന്നെയാണ് ഇതുവരെ സംസ്ഥാനത്തെ പ്രൈമറി അധ്യാപക വിദ്യാഭ്യാസ കോഴ്‌സ് അറിയപ്പെട്ടത്. മറ്റു സംസ്ഥാനങ്ങളെല്ലാം നേരത്തെ തന്നെ കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര നിര്‍ദേശപ്രകാരം ഡി.എഡ് കോഴ്‌സിനെ ഡി.എല്‍.ഇ.ഡി എന്നാക്കാന്‍ ഫെബ്രുവരിയില്‍ ചേര്‍ന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.
കൂടാതെ കോഴ്‌സിന്റെ പേരുമാറ്റണമെന്ന് അഭ്യര്‍ഥിച്ച് എസ്.സി.ഇ.ആര്‍.ടി ഡയരക്ടര്‍ കത്തുനല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് പുതിയ തീരുമാനം. 2018 ജൂണ്‍ ഒന്നുമുതല്‍ ഡി.എല്‍.ഇ.ഡി എന്ന പേരിലാകും കോഴ്‌സ് അറിയപ്പെടുക.
പേരുമാറ്റത്തോടൊപ്പം ഡി.എഡ് കോഴ്‌സിന്റെ നിലവിലുള്ള കരിക്കുലം സമ്പൂര്‍ണമായി ഉടച്ചുവാര്‍ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ പാഠ്യപദ്ധതിയുടെ രീതി ശാസ്ത്രത്തിനനുസരിച്ചുള്ളതല്ല എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം.
പാഠ്യപദ്ധതി പരിഷ്‌കരണം, പുനര്‍ നാമകരണം എന്നിവ സംബന്ധിച്ച തുടര്‍ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍, എന്‍.സി.ഇ.ആര്‍.ടി ഡയരക്ടര്‍ എന്നിവര്‍ക്ക് അഡീഷനല്‍ സെക്രട്ടറി പി.എസ് കൃഷ്ണകുമാര്‍ നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."