സ്റ്റാന്റിങ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ തെളിവായി സ്വീകരിക്കാം: സുപ്രിംകോടതി ഭരണഘടനാ ബെഞ്ച്
ന്യൂഡല്‍ഹി: പാര്‍ലമെന്ററി സമിതി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ തെളിവായി കോടതിയില്‍ സ്വീകരിക്കുന്നത് പാര്‍ലമെന്റിന്റെ അവകാശങ്ങളുടെ ലംഘനമല്ലെന്ന് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച്. പാര്‍ലമെന്റിലെ റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും ഇരുട്ടിലാക്കുന്നത് സര്‍വാധിപത്യത്തിലേക്കു നയിക്കുമെന്നും കോടതി നിരീക്ഷിച്ചു.
സാമൂഹ്യ തിന്മകള്‍ പരിഹരിക്കുന്നതിനായി പ്രസിദ്ധീകരിക്കപ്പെട്ട പാര്‍ലമെന്ററി റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതിലൂടെ നിയമനിര്‍മാണ സഭയും നീതിന്യായ കോടതികളും തമ്മിലുള്ള സൂക്ഷ്മമായ സന്തുലിതാവസ്ഥയ്ക്കു തകര്‍ച്ച ഉണ്ടാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പൊതുമധ്യത്തിലുള്ളതായതിനാല്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി. മൂന്നു പ്രത്യേകമായ വിധിപ്രസ്താവങ്ങളാണ് അഞ്ചു ജഡ്ജിമാര്‍ നടത്തിയതെങ്കിലും പ്രധാന കാര്യങ്ങളിലൊക്കെ ഏകാഭിപ്രായത്തിലാണ് ബെഞ്ച് എത്തിച്ചേര്‍ന്നത്. ഗര്‍ഭാശയ അര്‍ബുദരോഗ ചികില്‍സയ്ക്കുള്ള കുത്തിവയ്പ്പുമായി ബന്ധപ്പെട്ട ഹരജിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന വിധി.
ആരോഗ്യ, കുടുംബക്ഷേമത്തിനായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംങ് കമ്മിറ്റിയുടെ 81ാമത് റിപ്പോര്‍ട്ടിലെ എച്ച്.പി.വി (ഹ്യൂമണ്‍ പാപിലോമ വൈറസ്) വാക്‌സിനുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചു.
കോടതിയില്‍ പാര്‍ലമെന്ററി റിപ്പോര്‍ട്ടിനെ ഹരജിക്കാരന്‍ അടിസ്ഥാനമാക്കുന്നതിനെ മരുന്നു നിര്‍മാണ കമ്പനികള്‍ എതിര്‍ത്തിരുന്നു. പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടുകള്‍ കണ്ടെത്തലുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗൊണ്‍സാല്‍വ്‌സ് വാദിച്ചത്. പാര്‍ലമെന്ററി റിപ്പോര്‍ട്ട് തെളിവായി സ്വീകരിക്കുന്നതിലെ നിയമപ്രശ്‌നം സംബന്ധിച്ച് കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് ഹരജി ഭരണഘടനാ ബെഞ്ചിന് വിട്ടത്. പാര്‍ലമെന്ററി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുതാത്പര്യ ഹരജിയില്‍ നടപടിയെടുക്കുന്നത് ഫെഡറല്‍ സംവിധാനത്തിലെ അധികാര കടന്നുകയറ്റം ആകുമോയെന്നതായിരുന്നു ഭരണഘടനാ ബെഞ്ച് പ്രധാനമായും പരിശോധിച്ചത്.
പാര്‍ലമെന്റിലെ റിപ്പോര്‍ട്ടുകളിലടക്കം വിവരങ്ങള്‍ ഇരുളിലാക്കാന്‍ കോടതികളും കൂട്ടുനിന്നാല്‍ അത് സര്‍വാധിപത്യത്തിലേക്കാകും നയിക്കുക. പാര്‍ലമെന്റിലെ പ്രവര്‍ത്തികളെ കോടതികള്‍ക്ക് വിസ്മൃതിയിലാക്കാനാവില്ലെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും എ.കെ. സിക്രിയും അഭിപ്രായപ്പെട്ടു.
പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ട് തെളിവായി സ്വീകരിക്കുന്നത് അവകാശലംഘനം ആകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റീസ് എ.എം. ഖാന്‍വില്‍ക്കറും ചൂണ്ടിക്കാട്ടി. തെളിവുകള്‍ക്കായുള്ള എവിഡന്‍സ് ആക്ടിലെ (തെളിവ് നിയമം) 574 വകുപ്പിനുള്ളില്‍ വരുന്നതാണ് പ്രസിദ്ധീകരിക്കപ്പെട്ട പാര്‍ലമെന്ററി റിപ്പോര്‍ട്ടെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
ഭരണത്തിനുള്ള ഓരോ ഘടകങ്ങളും പരസ്പരം പൂരകങ്ങളാവുകയാണ് വേണ്ടതെന്നും ഒരു ഘടകത്തിന് ഒരു നിയമം എന്ന കാഴ്ചപ്പാടില്‍ നിന്ന് അധികാര വേര്‍തിരിവ് ഏറെ മാറിയതായും ജസ്റ്റിസ് ചന്ദ്രചൂഡ് വിലയിരുത്തി.
പാര്‍ലമെന്റിന്റെ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിനെക്കുറിച്ച് ന്യായമായ അഭിപ്രായം പറയുന്നത് അവകാശലംഘനം ആകില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണും ചൂണ്ടിക്കാട്ടി.
ചരിത്രപരമായ വസ്തുതകള്‍, പരിശോധിക്കുന്ന പ്രശ്‌നത്തിന്റെ സ്വഭാവം, സാമൂഹ്യ തിന്മയ്ക്കുള്ള കാരണങ്ങളും പരിഹാര മാര്‍ഗങ്ങളും തുടങ്ങിയവയ്ക്കായി പ്രസിദ്ധീകരിച്ച പാര്‍ലമെന്ററി റിപ്പോര്‍ട്ട് കോടതികള്‍ ഒഴിവാക്കുന്നതിനു കാരണമില്ലെന്നും എല്ലാ വിധിപ്രസ്താവനകളും വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."