ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: സജിചെറിയാന്റെ നാമനിര്‍ദേശ പത്രിക നിയമാനുസൃതമല്ലെന്ന് എം. ലിജു
ചെങ്ങന്നൂര്‍: ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥി സജി ചെറിയാന്റെ പത്രിക നിയമാനുസൃതമല്ലെന്നു ഡിസിസി അധ്യക്ഷന്‍ അഡ്വ. എം.ലിജു,യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എബി കുര്യാക്കോസ് എന്നിവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പത്രിക സമര്‍പ്പിക്കാന്‍ നിയമാനുസൃതം സ്ഥാനാര്‍ഥിയോടൊപ്പം അഞ്ചുപേരെ മാത്രമാണ് വരണാധികാരി അനുവദിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എം.വിജയകുമാര്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ വരണാധികാരി ഈനിയമം അറിയിച്ചതിനാല്‍ പ്രമുഖ നേതാക്കള്‍ അടക്കമുള്ളവര്‍ വരണാധികാരിയുടെ മുറിയുടെ പുറത്തു നിന്നു. എന്നാല്‍ സജിചെറിയാന്റെ കാര്യത്തില്‍ നിയമം പാലിക്കപ്പെട്ടില്ല.
വലിയൊരു സംഘം നേതാക്കളോടൊപ്പമാണ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. അതിനാല്‍ പത്രിക നിയമാനുസൃതം അല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് എം ലിജു പറഞ്ഞു.
സജി ചെറിയാന്റെ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ സിപിഎം നേതാക്കളോടൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന്‍ ഉണ്ടായിരുന്നത് ഗൗരവത്തോടെ കാണണം. കെ.രാഘവന് ഈ പദവിയില്‍ തുടരാന്‍ ഇനി അര്‍ഹതയില്ല.
ഒരു കക്ഷി രാഷ്ട്രീയത്തോടും പ്രത്യേക മമതയോ വിദ്വേഷമോ കൂടാതെ ഭരണ സമിതി അംഗമായി പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞ എടുത്തു അധികാരമേറ്റ അംഗം ആണ് അദ്ദേഹം.
ചട്ടവും നിയമവും ലംഘിച്ചു ഇത്തരം പരസ്യ പ്രവര്‍ത്തനം നടത്തിയ കെ രാഘവനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് ലിജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."