ബദിയടുക്കയില്‍ മദ്യശാല തുറക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം
ബദിയടുക്ക: ജനവാസ മേഖലയില്‍ വിദേശമദ്യ വില്പന ശാല തുറക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. കാസര്‍കോട് ടൗണിലെ അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന ഒരു വിദേശ മദ്യ വില്പനശാല ബദിയടുക്ക ചെന്നാര്‍ക്കട്ടയിലെ ജനവാസ കേന്ദ്രത്തില്‍ തുറക്കുവാനുള്ള രഹസ്യ നീക്കം നടക്കുന്നുവെന്നാണ് ആരോപണം. ഇതിനെതിരേ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു പ്രക്ഷോഭത്തിനിറങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി സ്ത്രീകളും കുട്ടികളും അടക്കമുള്ള നാട്ടുകാര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
ദേശീയ സംസ്ഥാന പാതയോരത്ത് നിന്ന് 500മീറ്ററിനുള്ളില്‍ ബിവറേജ് ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നേരത്തെ ബദിയടുക്ക ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന വിദേശമദ്യ വില്പനശാല മുള്ളേരിയയിലേക്കു മാറ്റിയിരുന്നു.
വീണ്ടും ബദിയടുക്കയില്‍ വിദേശ മദ്യവില്പന ശാല തുറക്കുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കു രൂപം നല്കുമെന്നു ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ പഞ്ചായത്ത് അംഗം വിശ്വനാഥ പ്രഭു, ഡോ. ശ്രീനിധി സരളായ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."