ലാവ്ലിന്: വസ്തുത മറച്ചു വെച്ചു- പിണറായിക്കെതിരെ കുറ്റങ്ങള്‍ നിരത്തി സി.ബി.ഐ
തിരുവനന്തപുരം: ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കുറ്റങ്ങള്‍ നിരത്തി സി.ബി.ഐ ഹൈക്കോടതിയില്‍. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ നല്കിയ റിവിഷന്‍ ഹരജി പരിഗണിക്കുകയാണ് ഹൈക്കോടതി. ലാവ്ലിന് ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്നത്തെ വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയന് മന്ത്രിസഭയില്‍ നിന്ന് മറച്ചുവെച്ചെന്നും ഇടപാടിന് പിണറായി അമിത താല്പര്യം കാണിച്ചെന്നും സി.ബി.ഐ ആരോപിച്ചു.
ലാവ്ലിന് പ്രതിനിധികളുമായ ഗൂഢാലോചന നടത്തി. ലാവലിനുമായി വിതരണ കരാറുണ്ടാക്കിയത് മന്ത്രിസഭ അറിഞ്ഞില്ല. മന്ത്രിസഭയില്‍ നിന്ന് വസ്തുത മറച്ചു വെച്ചു. നിയമപരമായി നിലനില്‍ക്കാത്ത കരാറുണ്ടാക്കി. ഇതു മറച്ചു വെച്ചാണ് മന്ത്രിസഭയുടെ അനുമതി നേടിയതെന്നും സി.ബി.ഐ ചൂണ്ടിക്കാണിക്കുന്നു.
ഉദ്യോഗസ്ഥരുടെ എതിര്‍പ്പുകളെ സ്വാധീന ഉപയോഗിച്ച് മറികടന്നതായും മറുപടിയിലുണ്ട്. പിണറായിക്കെതിരെ വിനോദ് റായിയടക്കം പത്ത് സാക്ഷികളുണ്ടെന്നും സി.ബി.ഐ പറയുന്നു.
മലബാര്‍ കാന്‍സര്‍ സെന്റര്‍ പിണറായിയുടെ സ്വന്തം ആശയമായിരുന്നുവെന്നും സി.ബി.ഐ കുറിപ്പില്‍ പറയുന്നു.
പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനു നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് കേസ്. 2013ല്‍ പിണറായി വിജയന് ഉള്‍പ്പെടെ കേസിലുള്ളവരെ തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കി. അതിനെതിരെ സി.ബി.ഐ നല്കിയ റിവിഷന്‍ ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."