ട്രെയിന്‍ കയറി-ഇറങ്ങുന്നതിനിടെ അപകടമുണ്ടായാലും നഷ്ടപരിഹാരം നല്‍കണം: സുപ്രിംകോടതി
ന്യൂഡല്‍ഹി: ട്രെയിനില്‍ കയറുമ്പോഴോ ഇറങ്ങുമ്പോഴോ അപകടമുണ്ടായാലും നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി. യാത്രക്കാരുടെ അശ്രദ്ധകാരണമാണ് ഇത്തരം സാഹചര്യങ്ങളില്‍ അപകടമുണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടി ഉത്തരവാദിത്വത്തില്‍നിന്ന് റെയില്‍വേക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കമാണ് ഇതോടെ തീര്‍പ്പായത്.
2002 ഓഗസ്റ്റില്‍ തിരക്കേറിയ ട്രെയിനില്‍നിന്ന് താഴെവീണ് മരിച്ച ബിഹാര്‍ സ്വദേശിനിയുടെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ ഉത്തരവ്. ഹരജി പരിഗണിച്ച പറ്റ്‌ന ഹൈക്കോടതി ഇരയുടെ കുടുംബത്തിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ കേന്ദ്രസര്‍ക്കാര്‍ ഹരജി നല്‍കിയതോടെയാണ് വിഷയം സുപ്രിംകോടതി മുന്‍പാകെയെത്തിയത്.
മരിച്ച സ്ത്രീ യാത്രക്കാരിയല്ലെന്നും സ്വയം വരുത്തിവച്ചതാണ് അപകടമെന്നും ചൂണ്ടിക്കാട്ടി റെയില്‍വേ കോടതി ആദ്യം നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍, യാത്രക്കാരി ടിക്കറ്റ് എടുക്കുന്നതിന്റെയും ട്രെയിനില്‍ കയറിയതിന്റെയും ദൃക്‌സാക്ഷി മൊഴികള്‍ പരിഗണിച്ച ഹൈക്കോടതി, റെയില്‍വേ കോടതിയുടെ തീരുമാനം റദ്ദാക്കിയാണ് ഇരയുടെ കുടുംബത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
ടിക്കറ്റ് എടുത്ത യാത്രക്കാരനുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്വം റെയില്‍വേക്കുണ്ടെന്ന് ജസ്റ്റിസുമാരായ എ.കെ ഗോയലും ആര്‍.എഫ് നരിമാനും അടങ്ങുന്ന രണ്ടംഗ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി. മരിച്ചയാളുടെ ശരീരത്തില്‍ നിന്നോ അവരുടെ ബാഗില്‍ നിന്നോ ടിക്കറ്റ് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും അവര്‍ വ്യാജ യാത്രക്കാരനാണെന്ന തീര്‍പ്പിലെത്താന്‍ കഴിയില്ല. ഇത്തരം ഘട്ടങ്ങളില്‍ മതിയായ രേഖകള്‍സഹിതം നഷ്ടപരിഹാരത്തിന് അപേക്ഷിക്കാവുന്നതാണ്. തുടര്‍ന്ന് അന്വേഷണംനടത്തി തീരുമാനമെടുക്കേണ്ടത് റെയില്‍വേ ആണെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."