മെട്രോ പശ്ചിമകൊച്ചി വരെ നീട്ടുന്നത് പ്രായോഗികമല്ലെന്ന് കെ.എം.ആര്‍.എല്‍
കൊച്ചി: മെട്രോ പശ്ചിമ കൊച്ചി വരെ നീട്ടുന്നത് പ്രായോഗികമല്ലെന്ന് കെ.എം.ആര്‍.എല്‍ വിലയിരുത്തല്‍. എം.ജി റോഡില്‍നിന്ന് മെട്രോ ഫോര്‍ട്ടുകൊച്ചിയിലേക്ക് നീട്ടുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ പഠനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സാങ്കേതികമായും സാമ്പത്തികമായും ഒട്ടേറെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. മാത്രമല്ല നിര്‍മാണത്തിന്റെ ഭാഗമായി റോഡ് വീതികൂട്ടുമ്പോള്‍ ഒട്ടേറെ പൗരാണിക കെട്ടിടങ്ങള്‍ നശിക്കുമെന്നും കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു.
പദ്ധതിക്കായി നിരവധി വീടുകള്‍ പൊളിക്കേണ്ടി വരും. പശ്ചിമകൊച്ചിക്ക് അനുയോജ്യം മറ്റ് ഗതാഗതസംവിധാനങ്ങളാണ്. ട്രാം ഉള്‍പ്പെടെയുള്ളവ ഫോര്‍ട്ടുകൊച്ചി മേഖലയിലേക്ക് പരിഗണിക്കും.
മെട്രോയ്ക്കനുബന്ധമായി ആസൂത്രണം ചെയ്യുന്ന വാട്ടര്‍മെട്രോയുടെ ജനറല്‍ കണ്‍സള്‍ട്ടന്റ് നിയമനം ഏപ്രിലിലുണ്ടാകു. കൊച്ചിയെയും സമീപത്തെ ദ്വീപുകളെയും തമ്മില്‍ ബന്ധിപ്പിച്ചാണ് ജലമെട്രോ ആസൂത്രണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി നഗരത്തില്‍ നിന്ന് സമീപപ്രദേശങ്ങളിലേക്ക് അതിവേഗ ബോട്ട് സര്‍വീസുകളാണ് ആസൂത്രണം ചെയ്യുന്നത്.
മെട്രോ തൂണുകള്‍ക്കിടയില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സ്ഥാപിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ രണ്ടു മാസത്തിനകം തുടങ്ങുമെന്ന് ഏലിയാസ് ജോര്‍ജ് പറഞ്ഞു. ഓരോ ആറാമത്തെ തൂണുകള്‍ക്കിടയിലായിരിക്കും ഗാര്‍ഡനുകള്‍ സ്ഥാപിക്കുക. ടിക്കറ്റിന് പുറമേ വരുമാനം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ തൂണിലുള്‍പ്പെടെയുള്ള പരസ്യങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സ്ഥാപിക്കുന്ന തുണുകള്‍ ഒഴികെയുള്ള തൂണുകള്‍ പരസ്യത്തിനായും ഉപയോഗിക്കും. കാക്കനാട് വരെയുള്ള മെട്രോയുടെ രണ്ടാം ഘട്ടത്തിന് ഫ്രഞ്ച് വായ്പ ഏജന്‍സിയുടെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."