കത്‌വ സംഭവം രാജ്യത്തെ മതേതര മൂല്യങ്ങള്‍ തച്ചുതകര്‍ത്തു: അബ്ദുന്നാസിര്‍ മഅ്ദനി
തൃശൂര്‍: കത്‌വ സംഭവം രാജ്യത്തെ മതേതരമൂല്യങ്ങള്‍ തകര്‍ത്തുവെന്നും ഈ നില തുടര്‍ന്നാല്‍ മതേതരത്വ ഇന്ത്യ എന്നത് ചരിത്രപുസ്തകങ്ങളിലെ താളുകളില്‍ മാത്രം ഓര്‍മിക്കപെടുന്ന ഒന്നായി തീരുമെന്നും പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി.
പി.ഡി.പി സംസ്ഥാന പ്രതിനിധി സമ്മേളനം തൃശൂര്‍ സംഗീത നാടക അക്കാദമി ഹാളില്‍ ( സുബൈര്‍ സബാഹി നഗര്‍) ശബ്ദസന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മുഴുവന്‍ സംവിധാനങ്ങളും വളരെ വേഗം ഫാസിസത്തിന്റെ പിടിയിലമര്‍ന്ന് കൊണ്ടിരിക്കുകയാണ്. കത്‌വയിലെ കുഞ്ഞിനെ കൊന്ന നികൃഷ്ടജിവികള്‍ക്ക് പിന്തുണയര്‍പ്പിച്ച് തെരുവിലിറങ്ങിയത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണെന്നത് ഏവരേയും നാണിപ്പിക്കുന്നു. ഈ ഹീനകൃത്യങ്ങളെ മതത്തിന്റെയോ വിശ്വാസത്തിന്റെയോ ആരാധനാലയങ്ങളുടെയോ കുഴപ്പങ്ങളായി ചിത്രീകരിക്കരുതെന്നും മറിച്ച് മതത്തിന്റെ മറവില്‍ നേട്ടങ്ങളുണ്ടാക്കുവാന്‍ ശ്രമിക്കുന്ന കുടിലശക്തികളുടെ നികൃഷ്ട നീക്കങ്ങളാണിതെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ പ്രകോപിതരാകരുത്. രാജ്യരക്ഷക്കും മനുഷ്യാവകാശത്തിനും വേണ്ടി ജാഗ്രതയോടെ നിലകൊള്ളുന്ന മുഴുവന്‍ മതേതര ശക്തികളോടുമൊപ്പം ചേര്‍ന്ന് നിന്ന് കണ്ണും കാതും തുറന്ന് ഫാസിത്തെ ധീരതയോടെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.പി സീനിയര്‍ വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ചടങ്ങില്‍ അധ്യക്ഷനായി. സി. ദാവൂദ്, സി.കെ അബ്ദുല്‍ അസീസ് എന്നിവര്‍ ക്ലാസെടുത്തു.
പി.ഡി.പി നേതാക്കളായ വര്‍ക്കല രാജ്, കെ.ഇ അബ്ദുല്ല, വി.എം അലിയാര്‍, നിസാര്‍ മേത്തര്‍, ഇബ്രാഹിം തിരൂരങ്ങാടി, ടി.എ മുജീബു റഹ്മാന്‍, ജാഫര്‍ അലി ദാരിമി, മൈലക്കാട് ഷാ, സുനില്‍ ഷാ, നൗഷാദ് തിക്കോടി, മജീദ് ചേര്‍പ്പ്, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."