അണ്ണല്ലൂര്‍ സ്ഫടികം ചിറ ജലസേചന പദ്ധതി യാഥാര്‍ഥ്യമായില്ല
മാള: ഗ്രാമപഞ്ചായത്തിലെ അണ്ണല്ലൂര്‍ സ്ഫടികം ചിറ ജലസേചന പദ്ധതി യാഥാര്‍ഥ്യമായില്ല. സ്ഫടികം ചിറ ജലസേചന പദ്ധതി പ്രവര്‍ത്തികമാക്കാത്തതില്‍ പ്രദേശ വാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുകയാണ്.
കാരൂര്‍, അണ്ണല്ലൂര്‍ ഗ്രാമവാസികള്‍ക്ക് കുടിവെള്ളത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുന്ന പദ്ധതിയാണ് ആരും തിരിഞ്ഞ് നോക്കാതെ നശിക്കുന്നത്. വലതുകര കനാലിലൂടെ ചാലക്കുടി പുഴയില്‍ നിന്ന് എത്തുന്ന വെള്ളം ഒരേക്കര്‍ എട്ട് സെന്റ് വരുന്ന സ്ഫടികം കുളത്തില്‍ സംഭരിക്കും. ഇത്തരത്തില്‍ കുളം സമൃദ്ധമാകുമ്പോള്‍ പരിസര പ്രദേശങ്ങളിലെ ജലസേചന സൗകര്യങ്ങള്‍ കാര്യക്ഷമമാകും.
കൂടാതെ കുളത്തിനോട് ചേര്‍ന്നുള്ള കിണറില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് കാരൂരിലെ ജലസംഭരണിയില്‍ ശേഖരിച്ച് കുടിവെള്ളം വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ മോട്ടോര്‍ ഷെഡ് നിര്‍മിച്ച് മോട്ടോര്‍ വെച്ചെങ്കിലും വര്‍ഷങ്ങളായി കാടുകയറി കിടക്കുകയാണ്. മാള, ആളൂര്‍ പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയാണ് പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുന്നത്. വലതുകര കനാലിലെ കാരൂര്‍ ഉപകനാലില്‍ വെള്ളം എത്തിയാല്‍ മാത്രമേ പദ്ധതി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ.
ഈ വേനല്‍ക്കാലത്ത് രണ്ട് ദിവസം മാത്രമേ കനാലില്‍ വെള്ളം എത്തിയിട്ടുളളൂ. കനാലില്‍ കാടും മറ്റ് തടസങ്ങളും നിറഞ്ഞിരിക്കുകയുമാണ്. തടസങ്ങള്‍ നീക്കിയാല്‍ മാത്രമേ കനാലില്‍ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാകുകയുള്ളൂ.
തടസങ്ങള്‍ നീക്കാത്തത് കാരണം രണ്ട് തവണയും ഒരു മണിക്കൂറോളം സമയം മാത്രമാണ് കുളത്തിലേക്ക് വെള്ളമെത്തിയത്. ജാതിയും, വാഴകളും, വിവിധ ഇനം പച്ചക്കറികളും കൃഷി ചെയ്യുന്ന ഈ മേഖലയില്‍ വെള്ളമില്ലാത്തതിനാല്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. സ്ഫടികം ചിറയിലേക്ക് വെള്ളമെത്തിച്ച് പദ്ധതി പ്രവര്‍ത്തനം തുടങ്ങാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരപരിപാടികള്‍ തുടങ്ങാനുള്ള നീക്കത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."