ലോറിയില്‍ വെള്ളവിതരണം തുടങ്ങുന്നതിന് നിയമക്കുരുക്ക് മുറുകിയത് തലവേദനയാകുന്നു
തൃശൂര്‍: കുടിവെള്ളക്ഷാമം പരിഗണിച്ച് ലോറി വെള്ളവിതരണം തുടങ്ങുന്നതിന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായെങ്കിലും നിയമക്കുരുക്ക് മുറുകിയത് തലവേദനയായാകുന്നു.
സര്‍ക്കാര്‍ ഉത്തരവിനു വിധേയമായ പണം നല്‍കാനാകൂ എന്ന കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ നിലപാട് പ്രതിസന്ധി സൃഷ്ടിച്ചു. ജനങ്ങള്‍ക്കു കുടിവെള്ളം നല്‍കുന്നതില്‍ കോര്‍പ്പറേഷന്‍ നേതൃത്വം അനാസ്ഥ കാട്ടുന്നുവെന്ന പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്നാണ് ലോറിവെള്ളവിതരണത്തിന് തീരുമാനം. നേരത്തെ ടെണ്ടര്‍ നല്‍കിയിട്ടുള്ള കരാറുകാരുമായി ചര്‍ച്ച നടത്തി ഉടന്‍ തീരുമാനമെടുക്കുമെന്ന് മേയര്‍ അജിത ജയരാജന്‍ വ്യക്തമാക്കി. മുന്‍വര്‍ഷങ്ങളില്‍ ഫെബ്രുവരി 15 മുതല്‍ ലോറിവെള്ള വിതരണം കോര്‍പ്പറേഷന്‍ നടത്തിയിരുന്നു. അഴിമതി ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
കഴിഞ്ഞവര്‍ഷം 4.2 കോടിരൂപക്കാണ് ലോറിവെള്ളവിതരണം നടന്നത്. കരാറുകാര്‍ക്കു ആ പണം നല്‍കിയിട്ടില്ല. അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ലോറിവെള്ളവിതരണത്തിന് കരാര്‍ നല്‍കേണ്ടതില്ലെന്നും സ്വന്തം ലോറിയില്‍ വിതരണം നിര്‍വ്വഹിച്ചാല്‍ മതിയെന്നും കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. അതിനായി നിലവിലുള്ള ആറ് ടാങ്കര്‍ ലോറികള്‍ക്ക് പുറമെ ആറ് ലോറികള്‍കൂടി വാങ്ങാനും തീരുമാനമെടുത്തു.
കഴിഞ്ഞവര്‍ഷം ആയിരം ലിറ്ററിന് 99 രൂപ നിരക്കിലുള്ള ടെന്‍ഡര്‍ പൂഴ്ത്തിവെച്ച് 190 രൂപക്ക് കരാര്‍ നല്‍കിയതായി ആരോപണം ഉയര്‍ന്നിരുന്നു. മുന്‍വര്‍ഷം ഫെബ്രവരി 15 മുതല്‍ ജൂണ്‍ 10 വരെ വിതരണത്തിന് 358 ലക്ഷം ചിലവാക്കിയ സ്ഥാനത്താണ് കഴിഞ്ഞവര്‍ഷം ഫെ.15 മുതല്‍ ജൂണ്‍ 30 വരെ മാത്രം 420ലക്ഷം ചിലവഴിച്ചത്.
ഈവര്‍ഷം ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും, 1000 ലിറ്ററിന് 320 രൂപക്കായിരുന്നു താഴ്ന്ന ടെന്‍ഡര്‍. റീടെന്‍ഡര്‍ വിളിച്ചപ്പോള്‍ അത് 250 രൂപയായി. ആറ് സ്വന്തം ടാങ്കറുകളില്‍ ജലവിതരണം നടക്കുന്നുണ്ട്. പുതിയ ടാങ്കര്‍ എത്തുന്നതുവരെ മാത്രമാണ് കരാര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. നഗരത്തില്‍ സമീപപഞ്ചായത്തുകളിലൊന്നും ടാങ്കര്‍ലോറി വെളളം ആരംഭിച്ചിട്ടില്ലെങ്കിലും നഗരത്തില്‍ അതു വേണമെന്ന നിലപാടിലാണ് പല കൗണ്‍സിലര്‍മാരും. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടുന്നു.
ജലവിതരണചിലവ് പരിധി മാര്‍ച്ച് 31 വരെ 15 ലക്ഷമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഏപ്രില്‍ മേയ് മാസങ്ങളിലേക്കു ആകെ 20 ലക്ഷമാണ് അനുവദിച്ചത്. സര്‍ക്കാര്‍ ഉത്തരവ് പാലിക്കുമെന്നും കൂടുതല്‍ തുക ചിലവഴിക്കാന്‍ നിര്‍വ്വാഹമില്ലെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറിയും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."