കലാപഭൂമിയില്‍ സാന്ത്വനവുമായി മുനവ്വറലി തങ്ങള്‍
താനൂര്‍: അക്രമസംഭവങ്ങളില്‍ വിറങ്ങലിച്ച താനൂര്‍ തീരദേശത്ത് സാന്ത്വനവുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെത്തി. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ താനൂര്‍ ഒട്ടുംപുറത്തെത്തിയ തങ്ങളോട് സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് സങ്കടക്കെട്ടഴിച്ചത്.
ഒട്ടുംപുറം മുതല്‍ പണ്ടാരകടപ്പുറം വരെ നാല് കിലോമീറ്ററോളം കലാപ ദൃശ്യങ്ങള്‍ നടന്നു കണ്ട മുനവ്വറലി തങ്ങള്‍ സ്ത്രീകളേയും കുട്ടികളേയും ആശ്വസിപ്പിച്ചു. ചാപ്പപ്പടി, ആല്‍ബസാര്‍, ഫഖീര്‍പള്ളി, ഫാറൂഖ് പള്ളി, കമ്പനിപ്പടി, പണ്ടാരകടപ്പുറം ഭാഗങ്ങളിലെ വീടുകളിലും തങ്ങള്‍ സന്ദര്‍ശനം നടത്തി. കൂടിനിന്നവര്‍ക്കിടയില്‍ പ്രാര്‍ഥന നടത്തിയാണ് തങ്ങള്‍ ഇവിടെ നിന്നും മടങ്ങിയത്. താനൂരിലുണ്ടായ പൊലിസ്-സി.പി.എം അക്രമ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് തങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പൊലിസും സി.പി.എമ്മും ഇവിടെ നടത്തിയിരിക്കുന്നത് നരനായാട്ടാണ്. ജനങ്ങളുടെ സുരക്ഷയും ക്രമസമാധാനവും ഉറപ്പു വരുത്തേണ്ട പൊലിസ് തന്നെ അക്രമ സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കി എന്നത് അതീവ ഗൗരവമുള്ളതാണ്. പൊലീസ് നടത്തിയ അക്രമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. അക്രമത്തിനിരയായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. അക്രമ സംഭവങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും തങ്ങള്‍ പറഞ്ഞു. യൂത്ത്‌ലീഗ് സംസ്ഥാന ഭാരവാഹികളായ പി.കെ ഫിറോസ്, നജീബ് കാന്തപുരം, എം.എ സമദ്, സയ്യിദ് ഫൈസല്‍ ബാഫഖി തങ്ങള്‍, ആശിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, പി.കെ സുബൈര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു തുടങ്ങിയവര്‍ തങ്ങളെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."