പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വല കുലുക്കി ക്രിക്കറ്റ് താരം ബ്രെറ്റ്ലി
കോഴിക്കോട്: സ്കൂളിലെ ഫുട്ബോള്‍ ടീമിനൊപ്പം പന്തു തട്ടി, പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വല കുലുക്കി, പിന്നെ ഗോളിയായി വേഷമിട്ടു, ഒട്ടുമിക്ക ഷൂട്ടുകളും സേവ് ചെയ്തപ്പോള്‍ കണ്ടുനിന്നവര്‍ കരഘോഷം മുഴക്കി. ആസ്ത്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ്ലീക്ക് നടക്കാവ് ജി.വി.എച്ച്.എസ്.എസില്‍ നല്കിയ സ്വീകരണ ചടങ്ങിലെ ചില നിമിഷങ്ങളാണിത്. ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്റെ നേതൃത്വത്തിലാണു സ്കൂളില്‍ സ്വീകരണം ഏര്‍പ്പെടുത്തിയത്. കുട്ടികളുടെ ചോദ്യത്തിനു മറുപടി പറഞ്ഞും ഫോട്ടോക്ക് പോസ് ചെയ്തും ഒന്നര മണിക്കൂറോളം അദ്ദേഹം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ചു.
ഇന്ത്യക്കാര്‍ എന്നെ എന്നും പ്രോത്സാഹിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്തു. ഇതിനുള്ള എന്റെ നന്ദിസൂചകമായി മ്യൂസിക് എന്ന ചാരിറ്റി സംഘടനയിലൂടെ ഇന്ത്യയില്‍ കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്കിടയില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യക്കാരുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിദ്യാര്‍ഥിനിയുടെ ചോദ്യത്തിന് ബ്രെറ്റ്ലിയുടെ മറുപടി ഇതായിരുന്നു. കുടുംബത്തെ കുറിച്ചായിരുന്നു അടുത്ത ചോദ്യം. സംഗീതപാരമ്പര്യമുള്ള കുടുംബമാണെന്നും ക്രിക്കറ്റിലെ സമ്മര്‍ദങ്ങള്‍ നേരിടുന്ന സമയത്ത് സംഗീതം ഏറെ സഹായിച്ചെന്നും ബ്രെറ്റ്ലീ പറഞ്ഞു. അമ്മയും സഹോദരങ്ങളും പിയാനോ വായിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശുഭപ്രതീക്ഷയും ലക്ഷ്യബോധവും നിര്‍ഭയത്വവുമാണ് സ്പോര്‍ട്സിലായാലും ജീവിതത്തിലായാലും വേണ്ട പ്രധാന നേതൃഗുണങ്ങളെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ഉപദേശിച്ചു. ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന് ചെയര്മാന് ഫൈസല്‍ കൊട്ടിക്കൊള്ളോന്, കെഫ് ഹോള്‍ഡിങ്സ് പ്രൊജക്ട് മാനേജര്‍ സോഫിയ ഫൈസല്‍, കെഫ് ഹോള്‍ഡിങ്സ് സി.ഇ.ഒ റിച്ചാര്‍ഡ് പാറ്റ്ല്, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ. ജലൂഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."