മേപ്പാടി പഞ്ചായത്തിന്റെ പണി പൂര്‍ത്തീകരിച്ച പ്രവൃത്തിക്ക് വീണ്ടും ടെന്‍ഡര്‍ വിവാദ തീരുമാനത്തെ ഡി.പി.സിയും കൈയൊഴിഞ്ഞു
മേപ്പാടി: പണി പൂര്‍ത്തീകരിച്ച ബസ് സ്‌റ്റോപ്പ് കെട്ടിടത്തിന് വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചത് ഡി.പി.സി അംഗീകാരിച്ചില്ല. മേപ്പാടി പഞ്ചായത്ത് ഭരണസമിതിയുടെ വിവാദ തീരുമാനത്തെയാണ് ഡി.പി.സിയും കൈയൊഴിഞ്ഞത്. പ്രതിപക്ഷമായ യു.ഡി.എഫ് അംഗങ്ങളുടെ പരാതിയെ തുടര്‍ന്നാണ് ഡി.പി.സി നടപടി. പ്രവൃത്തി കമ്മിറ്റി വര്‍ക്കാക്കണമെന്നായിരുന്നു ഭരണപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചതിന് ശേഷം ഇത്തരത്തിലുള്ള മാറ്റങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഡി.പി.സിയുടെ നിരീക്ഷണം.
ഇതോടെ ലക്ഷങ്ങളാണ് പാഴായത്. നിര്‍മാണം പൂര്‍ത്തീകരിച്ച പ്രവൃത്തിക്ക് മേപ്പാടി പഞ്ചായത്ത് ഭരണസമിതി ടെന്‍ഡര്‍ ക്ഷണിച്ചത് വന്‍ വിവാദത്തിനാണ് വഴിവച്ചത്. മേപ്പാടി പഞ്ചായത്ത് ഓഫിസിനും, പൊലിസ് സ്റ്റേഷനും സമീപം നിര്‍മാണം പൂര്‍ത്തിയായി വരുന്ന ബസ് സ്റ്റോപ്പിന്റെയും സംരക്ഷണ ഭിത്തിയുടെയും നിര്‍മാണത്തിനാണ് പഞ്ചായത്ത് ടെന്‍ഡര്‍ ക്ഷണിച്ചത്. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട പ്രതിപക്ഷം കഴിഞ്ഞ 13ന് തന്നെ ഇംപ്ലിമെന്റ് ഓഫിസറായ അസിസ്റ്റന്റ് എന്‍ജിനീയറോട് വിശദീകരണം തേടിയിരുന്നു.
ഇതേതുടര്‍ന്ന് രണ്ട് പ്രവൃത്തികള്‍ ടെന്‍ഡറില്‍ നിന്നും ഒഴിവാക്കി തടിയൂരാനുള്ള ശ്രമം ഭരണപക്ഷം നടത്തി. ബസ്‌സ്റ്റോപ്പ് നിര്‍മാണം, സംരക്ഷണ ഭിത്തിയുടെ പ്രവൃത്തി എന്നിവ ടെന്‍ഡര്‍ മാറ്റി ഗുണഭോക്തൃ കമ്മിറ്റിയാക്കാനാണ് പഞ്ചായത്തില്‍ നിന്നുള്ള ഭേദഗതി ലിസ്റ്റില്‍ സമര്‍പ്പിച്ചിരുന്നത്. മുന്‍ യു.ഡി.എഫ് ഭരണ സമിതിയുടെ കാലത്താണ് ഈ പ്രവൃത്തികള്‍ ആരംഭിച്ചത്. പഞ്ചായത്തിലെ 2015-16 വാര്‍ഷിക പദ്ധതിയില്‍ 3.50 ലക്ഷം രൂപ വകയിരുത്തി ബസ്‌സ്റ്റോപ്പ് നിര്‍മാണത്തിന് അംഗീകാരം വാങ്ങിയിരുന്നു. പ്രവൃത്തി ഇതേ വര്‍ഷം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ 2016-17ല്‍ 159ാം നമ്പറായി സ്പില്‍ ഓവറില്‍ പ്രവൃത്തി ഉള്‍പ്പെടുത്തി.
ഈ പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിന് 2016-17ല്‍ ബസ്‌വെയ്റ്റിങ് ഷെഡ് പൂര്‍ത്തീകരണം എന്ന പ്രൊജക്ടില്‍ 4.95 ലക്ഷം രൂപയും, 2016-17ല്‍ തന്നെ ബസ്‌സ്റ്റോപ്പിന് സമീപം സംരക്ഷണ ഭിത്തി എന്ന പദ്ധതിയില്‍ മൂന്ന് ലക്ഷം രൂപയും ഉള്‍പ്പെടെ മൂന്ന് പ്രൊജക്ടുകളിലായി 11.45 ലക്ഷം രൂപ വകയിരുത്തി. ഇതില്‍ സ്പില്‍ ഓവര്‍ പ്രവൃത്തിയായ 159ാം നമ്പര്‍ പ്രൊജക്ട് ഗുണഭോക്തൃ കമ്മിറ്റിയും, മറ്റു പ്രവൃത്തികള്‍ക്ക് ടെന്‍ഡറുമായി നടപ്പാക്കാന്‍ പ്രൊജക്ട് തയാറാക്കിയാണ് അംഗീകാരം വാങ്ങിയത്.
സ്പില്‍ഓവര്‍ പ്രവൃത്തി ഗുണഭോക്തൃ കമ്മിറ്റി രൂപീകരിച്ച് എഗ്രിമെന്റ് വച്ച് പൂത്തീകരിക്കുകയും, ബസ്‌വെയ്റ്റിങ് ഷെഡ്ഡും, സംരക്ഷണ ഭിത്തിയും ടെന്‍ഡര്‍ നടപടികളൊന്നുമില്ലാതെ ഇപ്പോള്‍ 95 ശതമാനവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം മേപ്പാടി പഞ്ചായത്ത് 16 പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പ്രവൃത്തികളും ടെന്‍ഡറില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."