സൗജന്യ യൂനിഫോം കൂടിയ നിരക്കില്‍ വില്‍ക്കുവാന്‍ ശ്രമം തടഞ്ഞു
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഗവ. ഹൈസ്‌കൂളിലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ യൂനിഫോം വലിയ നിരക്കില്‍ വില്‍ക്കുവാന്‍ ശ്രമിച്ചത് കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ തടഞ്ഞു.
പി.ടി.എ പ്രസിഡന്റ് ഉള്‍പ്പെടെ ചിലരുടെ താല്‍പര്യങ്ങള്‍ അനുസരിച്ച് യൂനിഫോം പരിഷ്‌ക്കരിക്കുകയും വിപണിയില്‍ ലഭ്യമല്ലാത്ത തുണി ഭീമമായ തുകയ്ക്ക് വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് തടഞ്ഞത്. കെ.എസ്.യു ഇടപെട്ട് വില്‍പന നിര്‍ത്തിവെപ്പിച്ച് ഹെഡ്മാസ്റ്ററെ ഉപരോധിച്ചു. ഒന്നര മണിക്കൂറോളം നീണ്ട ഉപരോധ സമരത്തിന് ശേഷം കെ.എസ്.യു മുന്‍ സംസ്ഥാന ജന.സെക്രട്ടറി ജി. മഞ്ജുക്കുട്ടന്‍, ജില്ലാ സെക്രട്ടറി അസ്‌ലം ആദിനാട് എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയും തുടര്‍ന്ന് യൂനിഫോം സൗജന്യമായി നല്‍കുവാനും വില്പന നിര്‍ത്തിവെക്കുവാനും തീരുമാനമായി.
ഒന്നു മുതല്‍ എട്ട് വരെയുള്ളവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം യൂനിഫോം സൗജന്യമായി നല്‍കാനും ബാക്കിയുളള്ളവര്‍ക്ക് സ്റ്റോര്‍ മുഖേനയോ പുറത്തുനിന്നോ കുറഞ്ഞ നിരക്കില്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കുമെന്നും തീരുമാനമായതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. സൗജന്യ യൂനിഫോം വിതരണം ചെയ്യുന്നത് വരെ യൂനിഫോം നിര്‍ബന്ധമാക്കില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."