തര്‍ക്കങ്ങള്‍ക്ക് വിരാമം; മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വടക്കുഭാഗത്തെ ഗേറ്റിന് താഴ് വീഴുന്നു
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വടക്കുഭാഗത്തെ ഗേറ്റ് അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്.
പുന്നപ്ര സ്വദേശി മാഹീന്‍ സമര്‍പിച്ച ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് ഷാജി പി. ചാലിയാണ് ഈ ഉത്തരവിറക്കിയത്.
മെഡിക്കല്‍ കോളജാശുപത്രി ആലപ്പുഴയില്‍ നിന്ന് വണ്ടാനത്തേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിച്ച കാലത്ത് ഈ ഭാഗത്ത് ഗേറ്റ് തുറന്നിരുന്നില്ല.
പടിഞ്ഞാറ് ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഗേറ്റ് ചില തര്‍ക്കങ്ങളുടെ പേരില്‍ അടച്ചുപൂട്ടുകയായിരുന്നു.
പടിഞ്ഞാറ് ഭാഗത്തെ ഗേറ്റിലൂടെ സാമൂഹ്യ വിരുദ്ധര്‍ ആശുപത്രിയിലെത്തി അക്രമ പ്രവര്‍ത്തനം നടത്തുന്നു എന്നു കാട്ടിയാണ് ഈ ഭാഗത്തെ ഗേറ്റ് പൂട്ടിയത്.
പിന്നീട് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സൗകര്യം കണക്കിലെടുത്താണ് വടക്കുഭാഗത്തെ ഗേറ്റ് തുറന്നു നല്‍കിയത്.
എന്നാല്‍ 2011 ഓഗസ്റ്റില്‍ അന്നത്തെ പ്രിന്‍സിപ്പലായിരുന്ന ഡോ. റംലാബീവി ഹൈക്കോടതിയില്‍ സമര്‍പിച്ച സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞിരുന്നത് ആശുപത്രിക്ക് കിഴക്കു ഭാഗത്തെ പ്രധാന ഗേറ്റ് മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ്.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശത്തിന് വിരുദ്ധമായി ഇപ്പോഴും ആശുപത്രിയില്‍ ഒന്നില്‍ കൂടുതല്‍ ഗേറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ചില കച്ചവടക്കാരെ സഹായിക്കാനാണെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.
ആശുപത്രിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഗെയിറ്റിന് വെളിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപന ഉടമകളില്‍ നിന്ന് വന്‍കോഴ വാങ്ങിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ഇതിനിടയില്‍ മാസങ്ങള്‍ക്ക് മുന്‍പ് വടക്ക് ഭാഗത്തെ കച്ചവടക്കാരുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ ആശുപത്രി അധികൃതരുടെ അനുവാദത്തോടെ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഗേറ്റ് പൂട്ടിയെങ്കിലും മണിക്കൂറുകള്‍ക്കകം ഈ ഗേറ്റ് പിന്നീട് തുറക്കുകയായിരുന്നു.
ഇപ്പോള്‍ വിവാദമായി പ്രവര്‍ത്തിക്കുന്ന ഗേറ്റ് പൂട്ടാന്‍ പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവര്‍ നടപടിയെടുക്കണമെന്നാണ് കോടതി ഉത്തരവ്. മുന്‍ സത്യവാങ്മൂലം കൂടി കണക്കിലെടുത്ത് നിയമപരമായ നടപടി ആശുപത്രി അധികൃതര്‍ കൈക്കൊള്ളണമെന്നും ഉത്തരവില്‍ പറയുന്നു.
ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച് ഒരു മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കോടതി ഉത്തരവിന്റെയടിസ്ഥാനത്തില്‍ കേസുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് ആക്ഷേപങ്ങളും അഭിപ്രായങ്ങളും ചൊവാഴ്ച വരെ സ്വീകരിക്കുമെന്ന് സൂപ്രണ്ട് ഡോ. ആര്‍.വി.രാംലാല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."