ജീര്‍ണാവസ്ഥയിലായ വൃക്ഷ ശിഖരങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ വിവിധ ഭാഗങ്ങളിലെ കൂറ്റന്‍ മരങ്ങളിലെ ജീര്‍ണ്ണാവസ്ഥയിലായ ശിഖരങ്ങള്‍ വഴി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. അപകടാവസ്ഥയിലായ വൃക്ഷ ശിഖിരങ്ങള്‍ വെട്ടി മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയെങ്കിലും സാങ്കേതികത്വം ചൂണ്ടിക്കാട്ടി ഇതെല്ലാം നിരസിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
ഉണങ്ങി നില്‍ക്കുന്ന വൃക്ഷ ശിഖിരങ്ങളാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. കാല വര്‍ഷമായതോടെ അപകടം ഏറെ വര്‍ദ്ധിച്ചിരിക്കുകയാണ്. വൃക്ഷ ശിഖിരങ്ങള്‍ മറിഞ്ഞ് വീണ് ഇത്തവണ മഴക്കെടുതിയില്‍ നിരവധി വീടുകളും കടകളും തകര്‍ന്നിരുന്നു. വൃക്ഷം കടപുഴകി വീഴുന്ന സംഭവവുമുണ്ടായി. ഈ സമയത്തൊന്നും ആള്‍ സഞ്ചാരമില്ലാതിരുന്നതിനാല്‍ മാത്രം ആളപായമുണ്ടായില്ല.
നിരന്തരം സ്വകാര്യ ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സഞ്ചരിക്കുകയും തിരക്കേറിയതുമായ ഫോര്‍ട്ട്‌കൊച്ചി വെളിയിലെ കൂറ്റന്‍ മരം കടപുഴകി വീണപ്പോള്‍ അത് വഴി വാഹനങ്ങള്‍ പോകാതിരുന്നത് മൂലം അപകടമുണ്ടായില്ല.
ഫോര്‍ട്ട്‌കൊച്ചി ബീച്ച് റോഡ് മുതല്‍ ദ്രോണാചാര്യ റോഡ് അവസാനം വരെയും നില്‍ക്കുന്ന വൃക്ഷങ്ങളില്‍ നിരവധി ഉണങ്ങിയ ശിഖിരങ്ങളാണുള്ളത്. സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇത് വഴി ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ഓഫീസിന് മുന്‍വശമുള്ള വൃക്ഷ ശിഖിരങ്ങളും ഏത് സമയത്തും വീഴാവുന്ന അവസ്ഥയിലാണ്. താലൂക്ക് ഓഫീസ്,ആര്‍.ഡി.ഒ ഓഫീസ് എന്നിവ പ്രവര്‍ത്തിക്കുന്ന ഇവിടെ നൂറ് കണക്കിന് ആളുകളാണ് നിത്യേന വന്ന് പോകുന്നത്.
ഇവിടെയെത്തുന്നവരുടെ വാഹനങ്ങളും സൂക്ഷിക്കുന്നത് ഓഫീസിന് മുന്നിലാണ്. കഴിഞ്ഞ വര്‍ഷമാണ് പള്ളുരുത്തി മരുന്ന് കടയ്ക്ക് സമീപം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇടക്കൊച്ചി സ്വദേശി മിഥുന്‍ എന്ന യുവാവിന്റെ മേല്‍ വൃക്ഷ ശിഖിരം ഒടിഞ്ഞ് വീണത്. നട്ടെല്ല് തകര്‍ന്ന മിഥുന്‍ ഇപ്പോഴും ചികില്‍സയിലാണ്. ലക്ഷങ്ങള്‍ ചിലവഴിച്ചെങ്കിലും ഫലം കാണണമെങ്കില്‍ ഇനിയും ലക്ഷങ്ങള്‍ വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വൃക്ഷ ശിഖിരം ഒടിഞ്ഞ് വീണ് മരണങ്ങള്‍ വരെ സംഭവിക്കുമ്പോഴും അധികൃതര്‍ ഇതൊന്നും കണ്ടില്ലന്ന് നടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."