പഞ്ചായത്തുകളില്‍ കുടിവെള്ള കണക്ഷന്റെ മറവില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം
പറവൂര്‍: സബ്‌സിഡി ഇനത്തില്‍ പഞ്ചായത്തുകള്‍ വഴി നല്‍കുന്ന കുടിവെള്ള കണക്ഷന്റെ മറവില്‍ പഞ്ചായത്തംഗങ്ങളും കരാറുകാരനും തമ്മില്‍ ഒത്തുകളിച്ച് ഉപഭോക്താവിന് നഷ്ടം വരുത്തുന്നതായി വ്യാപക ആക്ഷേപം. ഗ്രാമങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പൊതു ടാപ്പുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ശുദ്ധജല കണക്ഷന്‍ എടുക്കാന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കും സബ്‌സിഡിയോടുകൂടിയും നല്‍കുന്ന ശുദ്ധജല കണക്ഷന്റെ മറവിലാണ് തട്ടിപ്പ് അരങ്ങേറുന്നത്.
കേരള വാട്ടര്‍ അതോറിറ്റി പറവൂര്‍ സബ് ഡിവിഷന് കീഴില്‍ വരുന്ന ചില പഞ്ചായത്തുകളിലാണ് വന്‍കിട ലൈന്‍ കോണ്‍ട്രാക്കറ്ററും പഞ്ചായത്തംഗങ്ങളും പാവപ്പെട്ട ജനങ്ങളെ കബളിപ്പിക്കുന്നത്. സബ് ഡിവിഷന് കീഴില്‍ വരുന്ന പഞ്ചായത്തുകളായ ഏഴിക്കര,കോട്ടുവള്ളി,ചേന്ദമംഗലം,പറവൂര്‍ നഗരസഭ എന്നിവിടങ്ങളിലാണ് സബ്‌സിഡി കണക്ഷന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഏഴിക്കര പഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ ഇവിടെത്തെ കരാറുകാരനും കോണ്‍ഗ്രസ് മെമ്പറും ഒത്തുകളിക്കുന്നതായി ആക്ഷേപമുയരുന്നു.
ഓരോ വര്‍ഷവും പഞ്ചായത്തുകള്‍ കുടിവെള്ള കണക്ഷനുവേണ്ടി ലക്ഷങ്ങളുടെ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ഇത്തരം പദ്ധതി വേലകള്‍ സാമ്പത്തിക വര്‍ഷമായ മാര്‍ച്ചിന് മുമ്പ് തീര്‍ക്കേണ്ടതുണ്ട്. എന്നാല്‍ പദ്ധതി ആസൂത്രണം കഴിഞ്ഞു നാളുകള്‍ പിന്നിട്ടു കഴിയുമ്പോഴാണ് ഇതിന്റെ മറപറ്റി ചില പഞ്ചായത്തംഗങ്ങള്‍ ജനങ്ങളെ ചൂഷണത്തിന് വിധേയമാക്കുന്നത്. ഗ്രാമസഭകള്‍ വഴി തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കളുടെ ലിസ്റ്റ് പ്രകാരം ഇവരുടെ വീടുകളില്‍ ചെന്ന് വാട്ടര്‍ കണക്ഷന്‍ പാസാക്കിയിട്ടുണ്ടെന്നും അതിനു വേണ്ടുന്ന നടപടികള്‍ ചെയ്തുതരാമെന്ന് അറിയിക്കും. വാട്ടര്‍ അതോറിറ്റിക്ക് നല്‍കാനായി കണക്ഷന് വേണ്ടുന്ന പഞ്ചായത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് മൊത്തമായും വാങ്ങുകയുംചെയ്യും.
ഇത് കോണ്‍ട്രാക്ക്ടറെ ഏല്‍പിച്ചു വലിയ കമ്മിഷന്‍ വാങ്ങുകയും കരാറുകാരന്‍ ഈ തുക ഓരോ ഗുണഭോക്താക്കളില്‍ നിന്നും ഈടാക്കുന്നതായുള്ള പരാതികളാണ് ഉയരുന്നത്. ഈ കരാറുകാരന്റെ ഓഫിസ് നടപടികള്‍ എളുപ്പത്തിലാക്കുന്നതിന് വാട്ടര്‍ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍പോലും മാനിക്കാതെ പഞ്ചായത്തില്‍ നിന്നും റോഡ് കട്ടിങ് അനുമതി മെമ്പര്‍ സൂത്രത്തിന് ഒപ്പിച്ചുകൊടുക്കുകയുമാണ് ചെയ്യുന്നത്. സാധാരണ ഗതിയില്‍ ഒരു വീട്ടിലേക്ക് കണക്ഷന്‍ എടുക്കുന്നതിന് ശരാശരി ഏഴായിരം രൂപയാണ് ചിലവ് വരുന്നത്. എന്നാല്‍ ഇവിടെ ഒരു മിനിമം കണക്ഷന് പതിനായിരവും അതില്‍ കൂടുതലുമാണ് വാങ്ങുന്നതെന്നുമാണ് ആക്ഷേപം. ഗുണനിലവാരം കുറഞ്ഞ സാമഗ്രികളാണ് കോണ്‍ട്രാക്റ്റര്‍ ഉപയോഗിക്കുന്നതെന്നും ചില അനുഭവസ്ഥര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."