ഗുരുവായൂര്‍ ഉത്സവം ഇന്ന് കൊടിയിറങ്ങും
ഗുരുവായൂര്‍: ക്ഷേത്രോത്സവം ഒന്‍പതാം ദിവസമായ ഇന്നലെ ഭഗവാന്‍ ക്ഷേത്രമതിലകം വിട്ട് ഭക്തജനപഥത്തിലേക്ക് എഴുന്നള്ളി. നാലമ്പലത്തിന് പുറത്ത് കൊടിമരച്ചുവട്ടിലെ ദീപാരാധന ദര്‍ശനത്തിനു ശേഷമാണ് ഭഗവാന്‍ ഗ്രാമപ്രദക്ഷിണത്തിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്കെഴുന്നെള്ളിയത്. വര്‍ഷത്തില്‍ പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ മാത്രമാണ് നാലമ്പലത്തിന് പുറത്ത് ദീപാരാധന നടക്കുന്നത്. ദീപാരാധനയ്ക്കു ശേഷം ഗ്രാമപ്രദക്ഷിണത്തിനായി സ്വര്‍ണക്കോലം പുറത്തേക്ക് കൊണ്ടു വന്നു. ഊഴം കാത്ത് നിന്നിരുന്ന കൊമ്പന്‍ വലിയകേശവന്‍ ശിരസ്സ് നമിച്ച് സ്വര്‍ണക്കാലമേറ്റിയതോടു കൂടിയാണ് ഗ്രാമപ്രദക്ഷിണം തുടങ്ങിയത്.
ദേവസ്വം കൃഷ്ണനാട്ടം കളരിയിലെ കലാകാരന്‍മാര്‍ ആയോധന വേഷം ധരിച്ച് വാളും, പരിചയുമായി ചുവടുവെച്ച് ഗുരുവായൂരപ്പനെ വരവേറ്റു. പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ പ്രാമാണിത്വത്തില്‍ പഞ്ചാരിമേളം അകമ്പടിയായി. എഴുന്നള്ളിപ്പ് കുളപ്രദക്ഷിണം പൂര്‍ത്തിയാക്കി ക്ഷേത്രത്തിനകത്ത് വടക്കെ നടപുരയിലെത്തിയതോടു കൂടിയാണ് ഗ്രാമപ്രദക്ഷിണ ചടങ്ങുകള്‍ സമാപിച്ചത്.
തുടര്‍ന്ന് പള്ളിവേട്ടക്കായി നന്ദിനിയാനയുടെ പുറത്ത് ഭഗവാന്റെ തങ്കതിടമ്പെഴുന്നള്ളിച്ച് കിഴക്കേ ഗോപുരത്തിലേക്ക് കൊണ്ടുവന്നു. പള്ളിവേട്ടയില്‍ പക്ഷിമൃഗാദികളുടെ വേഷം കെട്ടിയ ഭക്തര്‍ മുന്നിലും ഭഗവാന്‍ ആനപ്പുറത്ത് പിന്നിലുമായി 11 തവണ ഓട്ടപ്രദക്ഷിണം നടത്തി. ഓട്ടപ്രദക്ഷിണാനന്തരം അവകാശിയായ പന്നി വേഷത്തെ മുളന്തണ്ടിലേറ്റി കൊണ്ടു പോയതോടു കൂടിയാണ് പള്ളിവേട്ട സമാപിച്ചത്. പള്ളിവേട്ടക്കു ശേഷം ക്ഷീണിതനായ ഭഗവാന്‍ ശ്രീകോവിലിനു പുറത്ത് പള്ളികുറുപ്പ് കൊണ്ടു. ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ചു നടക്കുന്ന ആറാട്ട് മഹോത്സവം ഇന്ന് രാത്രിയില്‍ നടക്കും. ആറാട്ടിനു ശേഷം ഉത്സവ കൊടിയിറങ്ങും. ഇന്ന് രാവിലെ നിര്‍മാല്യം, വാകചാര്‍ത്ത് എന്നീ ചടങ്ങുകള്‍ ഉണ്ടാവില്ല. രാവിലെ എട്ടിനുശേഷം മാത്രമേ ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."