പെരുംതോട് വലിയതോട് സംരക്ഷണ പദ്ധതിക്ക് ഇന്ന് തുടക്കം
കൊടുങ്ങല്ലൂര്‍: മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ അഞ്ച് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന പെരുംതോട് വലിയതോട് സംരക്ഷണ പദ്ധതിക്ക് ഇന്ന് തുടക്കമാകും. കടുത്ത വേനലും, വരള്‍ച്ചയും തീരദേശത്തെ വറുതിയിലാക്കിയതോടെയാണ് പെരുംതോട് വലിയതോട് അനധികൃത കൈയറ്റങ്ങള്‍ ഒഴിവാക്കി മാലിന്യം നീക്കി ആഴം കൂട്ടി സംരക്ഷിക്കാനും, വിനോദ സഞ്ചാരവുമായി ബന്ധപ്പെടുത്തി പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കാനും ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചത്.
പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ്, എറിയാട് പഞ്ചായത്തുകളിലായി 16 കിലോമീറ്റര്‍ ദൂരം വരുന്ന പെരുംതോട് ഏതാനും വര്‍ഷം മുന്‍പ് വരെ തീരദേശമേഖലയിലെ പ്രധാന ഉള്‍നാടന്‍ ജലഗതാഗത മാര്‍ഗവും, ജലസ്രോതസുമായിരുന്നു. ആറ് മുതല്‍ പത്ത് മീറ്റര്‍ വരെ വീതിയുണ്ടായിരുന്ന തോട് പലഭാഗങ്ങളിലും അനധികൃത കൈയേറ്റങ്ങള്‍ മൂലം നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. തോട് ആഴം കൂട്ടി ഈ മണല്‍ ഉപയോഗിച്ച് തോടിന് ഇരുഭാഗത്തും ഫുട്പാത്ത് നിര്‍മിച്ച് ടൈല്‍ ചെയ്ത് മനോഹരമാക്കി ജനങ്ങള്‍ക്ക് നടക്കാന്‍ സൗകര്യപ്പെടുത്തും. കരിങ്കല്‍ ഭിത്തികള്‍ ഒഴിവാക്കി തോടിന്റെ സംരക്ഷണ ഭിത്തികള്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കും. രാമച്ചം, പുല്ല്, മുള എന്നിവ നട്ട് മണ്ണൊലിപ്പ് പൂര്‍ണമായി തടയും.
ജലസംരക്ഷണവും, മീന്‍ വളര്‍ത്തലും ആരംഭിക്കും.പെരുംതോട് വലിയതോട് പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് ശ്രീനാരായണപുരം തേവര്‍പ്ലാസ ഓഡിറ്റോറിയത്തില്‍ മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യുമെന്ന് സ്ഥലം എം.എല്‍.എ ഇ.ടി ടൈസണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി എന്നിവര്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."