മാതൃസഹായ പദ്ധതി: സംസ്ഥാന വിഹിതമായി 34.34 കോടി അനുവദിച്ചു
തിരുവനന്തപുരം: മാതൃസഹായ പദ്ധതിയില്‍ സംസ്ഥാന വിഹിതമായ 34,33,72,000 രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
പദ്ധതിപ്രകാരം ആദ്യപ്രസവത്തിന് 5,000 രൂപ ധനസഹായം ലഭിക്കും. സംസ്ഥാനത്ത് 4,578 ഗുണഭോക്താക്കള്‍ക്കായി 19.79 ലക്ഷം രൂപയാണ് നിലവില്‍ അനുവദിച്ചത്. മൂന്ന് ഗഡുക്കളായി ആധാര്‍ ലിങ്ക്ഡ് അക്കൗണ്ടില്‍ നേരിട്ടാണ് പണം നിക്ഷേപിക്കുക. ഒന്നാം ഗഡുവായി ആയിരം രൂപയാണ് നല്‍കുന്നത്. ഇത് ലഭിക്കാന്‍ ഗര്‍ഭിണികള്‍ രജിസ്റ്റര്‍ ചെയ്യുകയും എം.സി.പി കാര്‍ഡില്‍ രേഖപ്പെടുത്തുകയും വേണം. ഗര്‍ഭാവസ്ഥ ആറുമാസവും ഒരു എ.എന്‍.സിയെങ്കിലും കഴിഞ്ഞവര്‍ക്കാണ് രണ്ടാം ഗഡുവായി 2,000 രൂപ നല്‍കുന്നത്.
മൂന്നാം ഗഡുവായി 2,000 രൂപയാണ് നല്‍കുന്നത്. ഇത് ലഭിക്കാന്‍ കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്യണം. കുട്ടിക്ക് ആദ്യഘട്ട പ്രതിരോധ മരുന്നുകളായ ബി.സി.ജി, ഒ.പി.വി, ഡി.പി.ടി, ഹെപ്പറ്റൈറ്റിസ് ബി എന്നിവ നല്‍കിയിരിക്കണം. എം.സി.പി കാര്‍ഡില്‍ രേഖപ്പെടുത്തലുകള്‍ അനിവാര്യവുമാണ്. ആശുപത്രിയിലെ പ്രസവത്തിന് ജെ.എസ്.വൈ പദ്ധതിപ്രകാരം ഒരു ഗര്‍ഭിണിക്ക് 1,000 രൂപക്ക് അര്‍ഹതയുണ്ട്. ആകെ 6,000 രൂപ ധനസഹായം ലഭിക്കും. മറ്റേതെങ്കിലും പദ്ധതിപ്രകാരം മെറ്റേണിറ്റി ബെനിഫിറ്റ് ലഭിക്കുന്നവര്‍ക്കും കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ ഒഴികെ മറ്റെല്ലാ ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും അവരുടെ ആദ്യ പ്രസവത്തിന് ധനസഹായത്തിന് അര്‍ഹതയുണ്ട്.
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ക്കും നിബന്ധനകള്‍ക്കുവിധേയമായി ധനസഹായത്തിന് അര്‍ഹതയുണ്ട്. പി.എം.എം.വി.വൈ പദ്ധതി പ്രകാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈ പദ്ധതിക്കായി 60:40 എന്ന അനുപാതത്തിലാണ് തുക വകയിരുത്തുന്നത്. പദ്ധതി നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി 40 ശതമാനം തുകയായ 34.34 കോടി രൂപയാണ് നടപ്പുവര്‍ഷത്തെ വിഹിതത്തില്‍നിന്ന് അനുവദിച്ചത്. 1.42 ലക്ഷം അമ്മമാര്‍ക്കാണ് പദ്ധതിപ്രകാരം ആദ്യഘട്ടത്തില്‍ പ്രയോജനം ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."