ഇറാന്‍; ഉയിര്‍ത്തെഴുനേല്‍പ്പിന്റെ പാഠം
1920 ല്‍ തലസ്ഥാന നഗരിയായ ടെഹ്‌റാനിലായിരുന്നു ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ രൂപം കൊണ്ടത്. പിന്നീട് റഷ്യയുമായും അസര്‍ബൈജാനുമായും അതിര്‍ത്തി പങ്കിടുന്ന ഇറാന്‍ ഇവിടങ്ങളില്‍ പോയി ഫുട്‌ബോള്‍ കളിച്ചു പഠിച്ചു തുടങ്ങി. അങ്ങനെ 1941ല്‍ അഫ്ഗാനിസ്ഥാനുമായി തങ്ങളുടെ ആദ്യ മത്സരം കളിക്കാന്‍ ഇറാന്‍ കളത്തിലിറങ്ങി. 1978ല്‍ അര്‍ജന്റീനയില്‍ നടന്ന ലോകകപ്പിലാണ് ഇറാന്‍ ലോകകപ്പ് അരങ്ങേറ്റം കുറിക്കുന്നത്. ഗ്രൂപ്പിലെ ഹോളണ്ടും പെറുവുമായുള്ള മത്സരത്തില്‍ ഇറാന്‍ പരാജയപ്പെട്ടു. സ്‌കോട്ട്‌ലന്റുമായുള്ള മത്സരം സമനിലയില്‍ കലാശിച്ചു. 1980കളില്‍ ഇറാനെ യുദ്ധക്കെടുതി തകര്‍ത്തു കളഞ്ഞു. ഇറാന്റെ ഏകദേശം എല്ലാ മേഖലകളും യുദ്ധം കാരണം തകര്‍ന്നു. 1980-88 കാലത്തെ ഇറാന്‍ - ഇറാഖ് യുദ്ധമാണ് ഇറാന്റെ സാമ്പത്തിക അടിത്തറ ഇളക്കിയത്. യുദ്ധം കാരണം ഏഷ്യന്‍ കപ്പില്‍നിന്ന് ടീമിന് പിന്മാറേണ്ടി വന്നു. ഇക്കാരണത്താല്‍ 1982ലെ ലോകകപ്പിന്റെ യോഗ്യത കളിക്കാനും ഇറാനായില്ല. രാഷ്ട്രീയവും സാമ്പത്തികവും തകര്‍ന്നതിനു പിന്നാലെ ഇറാനിലെ ക്ലബുകളും അകാല ചരമമടഞ്ഞു. പക്ഷെ കൂടുതലൊന്നും കാത്തിരിക്കാന്‍ ഇറാനികള്‍ക്ക് കഴിഞ്ഞില്ല.
തൊട്ടടുത്ത വര്‍ഷം തന്നെ തകര്‍ന്ന ക്ലബുകളെല്ലാം പേരുമാറ്റി പുനര്‍നിര്‍മിച്ചു. യുദ്ധത്തിന് മുമ്പുണ്ടായിരുന്ന ഖുദ്‌സ് ലീഗ് അസാദിഗന്‍ ലീഗ് എന്ന പേരില്‍ പേര് മാറ്റി അവതരിപ്പിച്ചു. 1990ലെയും 1994യും ലോകകപ്പുകളില്‍ തങ്ങള്‍ക്ക് കളിക്കണമെന്ന അതിയായ ആഗ്രഹത്താലാണ് ക്ലബുകളും ഫുട്‌ബോള്‍ അക്കാദമികളും പുനരുജ്ജീവിപ്പിച്ചത്. തുടക്കത്തില്‍ ഫിഫ റാങ്കിങ്ങില്‍ 122-ാം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ യുദ്ധത്തിനും കെടുതികള്‍ക്കും ശേഷം ഇന്ന് 36-ാം സ്ഥാനത്ത് എത്തി നില്‍ക്കുന്നുണ്ട് ഇറാന്‍ ഫുട്‌ബോള്‍ ടീം.
കഠിന പരിശ്രമം കൊണ്ട് 1994 എ.എഫ്.സി ഏഷ്യന്‍ കപ്പിലേക്ക് ടീമിന് യോഗ്യത കിട്ടി. അന്നത്തെ ഏഷ്യാകപ്പ് മത്സത്തില്‍ സഊദി അറേബ്യയെ 3-0ന് തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ ദക്ഷിണ കൊറിയയെ 6-2 എന്ന സ്‌കോറിനും തോല്‍പ്പിച്ച് ഫുട്‌ബോള്‍ ലോകത്ത് ഇറാന്‍ വീണ്ടും ചുവടുറപ്പിച്ചു.
അണ്ടര്‍ 17 ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടങ്ങളില്‍ ഗോവയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ലോക ഫുട്‌ബോളിലെ രാജാക്കന്‍മാരായ ജര്‍മനിയും ഏഷ്യന്‍ കരുത്തരായ ഇറാനും തമ്മില്‍ ഏറ്റമുട്ടിയത് ഇറാന്റെ തിരിച്ചു വരവിനുള്ള ഉത്തമ ഉദാഹരണമാണ്. കളിയുടെ ആറാം മിനുട്ടില്‍ തന്നെ ഇറാന്റെ ആദ്യ ഗോള്‍ പിറന്നു. കളിയിലുടനീളം ആധിപത്യം നേടിയ ഇറാന്‍ 4-0 എന്ന സ്‌കോറിനാണ് അന്ന് ജയിച്ചത്. ഇതൊരു സൂചനയും തിരിച്ചുവരവുമായിട്ടാണ് ഫുട്‌ബോള്‍ ലോകം കാണുന്നത്. യുദ്ധക്കെടുതിയും സാമ്പത്തിക ഞെരുക്കവും തകര്‍ത്ത രാജ്യത്തുനിന്ന് അക്കാദമിയിലൂടെ ഉയര്‍ന്ന് വന്ന താരങ്ങളാണ് അണ്ടര്‍ 17 ഇറാന്‍ ടീമിനായി ബൂട്ടുകെട്ടിയത്. ആസ്‌ത്രേലിയയുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം ഇറാന് 98 ലോകകപ്പിനും യോഗ്യത ലഭിച്ചു.
1998 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ യൂഗോസ്‌ലാവ്യയയോട് ഒരു ഗോളിന് തോറ്റു. രണ്ടാം മത്സരത്തില്‍ അമേരിക്കയെ 2-1 തോല്‍പ്പിച്ച് ലോകകപ്പിലെ ആദ്യ ജയം ഇറാന്‍ സ്വന്തമാക്കി. അങ്ങനെ അമേരിക്കക്കെതിരേ ഗോള്‍ നേടിയ ഹമീദ് എസ്തിലിയിയും മെഹ്ദി മെഹ്ദാവിക്കിയും ഇറാന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ രാജാക്കന്മാരായി. രാഷ്ട്രീയവും യുദ്ധവും തകര്‍ത്ത ഇറാന്റെ പുനരുജ്ജീവനമായിരുന്നു പിന്നെ കണ്ടത്.
ഫിഫ റാങ്കിങ്ങില്‍ 15-ാം സ്ഥാനത്ത് വരെ എത്താന്‍ ഇറാന് കഴിഞ്ഞു. 98 ലോകകപ്പില്‍ ഗ്രൂപ്പിലെ മൂന്നാമതായി ടീം പുറത്തായെങ്കിലും വലിയൊരു തിരിച്ചുവരവിന്റെ കഥയുമായിട്ടാണ് ടീം നാട്ടിലേക്ക് വണ്ടി കയറുന്നത്. ഇവിടെ നമ്മുടെ രാജ്യത്തെ ഫുട്‌ബോള്‍ ഫെഡറേഷനും രാഷ്ട്രീയക്കാര്‍ക്കും കണ്ടു പഠിക്കാന്‍ ഏറെയുണ്ട്. യുദ്ധക്കെടുതികള്‍ക്ക് ശേഷം ഇറാന്‍ സ്ഥാപിച്ച ഫുട്‌ബോള്‍ അക്കാദമിയില്‍നിന്ന് പഠിച്ചിറങ്ങിയ കുട്ടികളായിരുന്നു 2017 അണ്ടര്‍ 17 ലോകകപ്പില്‍ ഇറാനായി പന്തു തട്ടാന്‍ ഇന്ത്യയിലെത്തിയത്. കൂടുതല്‍ പേര്‍ യൂറോപ്പിലെ ചെറുലീഗുകളിലും മറ്റും കളിക്കുന്നുണ്ടിപ്പോള്‍.
2018ലെ ലോകകപ്പിന് ഇന്ത്യയടങ്ങുന്ന ഗ്രൂപ്പില്‍നിന്നാണ് ഇറാന്‍ യോഗ്യത നേടിയിട്ടുള്ളത്. ഒമാന്‍, ഇന്ത്യ, തുര്‍ക്ക്‌മെനിസ്ഥാന്‍, ഗുവാം എന്നിവരോടൊപ്പമായിരുന്നു ഇറാനുണ്ടായിരുന്നത്. ഇതില്‍ നിന്നാണ് ഇറാന്‍ അനായാസം യോഗ്യത നേടി റഷ്യയിലേക്ക് വണ്ടി കയറുന്നത്.
പോര്‍ച്ചുഗല്‍, സ്‌പെയിന്‍, മോറോക്കൊ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇറാനുള്ളത്. പോര്‍ച്ചുഗലും സ്‌പെയിനും അടങ്ങുന്ന ഗ്രൂപ്പിലായതിനാല്‍ പ്രതീക്ഷകള്‍ക്ക് വകയില്ലെങ്കിലും എന്തും സംഭവിക്കുന്ന ഫുട്‌ബോളില്‍ മുന്‍വിധികള്‍ക്ക് വിലയില്ലെന്ന വിശ്വാസത്തിലാണ് ഇറാന്‍ പോര്‍ക്കളത്തിലിറങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."