ടിപ്പര്‍ തൊഴിലാളികള്‍ സമരം പിന്‍വലിച്ചു
ഇരിട്ടി: ക്രഷര്‍ ഉത്പന്നങ്ങള്‍ക്ക് ക്രമാതീതമായി വില കൂട്ടിയതിനെ തുടര്‍ന്ന് ടിപ്പര്‍ എര്‍ത്ത് മൂവേര്സ് സംയുക്ത തൊഴിലാളി യൂനിയനുകള്‍ നടത്തി വന്ന ഉപരോധ സമരം തൊഴിലാളി യൂനിയനുകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചു. എന്നാല്‍ ചര്‍ച്ചയില്‍ ക്രഷര്‍ ഉടമകള്‍ കൂട്ടിയ വിലയില്‍ ചെറിയൊരു ഇളവ് നല്കാന് മാത്രമേ ഉടമകള്‍ തയ്യാറായിട്ടുള്ളു. കരിങ്കല്‍ ജില്ലിക്ക് അടിക്ക് 28 രൂപയാക്കി ഉയര്‍ത്തിയത് അതേപടി നിലനിര്‍ത്തി. 23 രൂപ ഉണ്ടായിരുന്ന മറ്റു ഉത്പന്നങ്ങള്‍ക്ക് 27 രൂപയാക്കി ഉയര്‍ത്തിയത് 25 രൂപയാക്കി പുനര്‍ നിര്‍ണയിച്ചു. അതോടെ ഉപഭോക്താക്കള്‍ അടിക്കു രണ്ടു രൂപ മുതല്‍ മൂന്നു രൂപ വരെ ക്രഷര്‍ ഉത്പന്നങ്ങള്‍ക്ക് വില കൂട്ടി നല്‍കേണ്ട അവസ്ഥയായി. ചര്‍ച്ചയില്‍ തൊഴിലാളി സംഘടനാ നേതാക്കളായ എന്‍.ഐ സുകുമാരന്‍, വൈ.വൈ മത്തായി, പി ചന്ദ്രന് എര്‍ത്ത് മൂവേര്സ് സമിതി ജില്ലാ പ്രസിഡന്റ് എ.കെ ഇബ്രാഹിം, സംയുക്ത ടിപ്പര്‍ എര്‍ത്ത് മൂവേര്സ് യൂനിയന്‍ ഇരിട്ടി മേഖലാ പ്രസിഡന്റ് വി മുരളീധരന്, സെക്രട്ടറി പ്രസാദ് കീര്‍ത്തനം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."