സ്മാര്‍ട്ട് സിറ്റി രൂപരേഖയ്ക്ക് നഗരസഭാ കൗണ്‍സിലിന്റെ അംഗീകാരം
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റിക്കായുള്ള നിര്‍ദേശങ്ങള്‍ക്ക് നഗരസഭാ കൗണ്‍സിലിന്റെ പരിപൂര്‍ണ പിന്തുണ. സ്മാര്‍ട്ട് സിറ്റി പ്രൊപ്പോസലിനായി തയാറാക്കിയ രൂപരേഖക്ക് ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരമായി. ടെക്‌നിക്കല്‍ കമ്മിറ്റി അനുമതി നല്‍കിയ 1505 കോടി രൂപയുടെ രൂപരേഖക്കാണ് കൗണ്‍സില്‍ അംഗങ്ങള്‍ ഒറ്റക്കെട്ടായി പച്ചക്കൊടി കാട്ടിയത്.
നഗരഹൃദയഭാഗങ്ങളായ കിഴക്കേക്കോട്ട, ചാല, തമ്പാനൂര്‍, കോട്ടയ്ക്കടം, വഞ്ചിയൂര്‍, ശ്രീവരാഹം, പാറ്റൂര്‍, പാളയം, സ്റ്റാച്യു പ്രദേശങ്ങളുടെ മുഖച്ഛായ മാറുന്ന നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയിലൂടെ നടപ്പാക്കുന്നത്. 1379 കോടി നഗരഹൃദയമേഖലാ വികസനത്തിനും ബാക്കി തുക എല്ലാ വാര്‍ഡുകള്‍ക്കും പ്രയോജനകരമായ പാന്‍സിറ്റി വികസനത്തിന് ഉപയോഗിക്കും.
നഗരത്തിന്റെ സമഗ്ര വികസനത്തിനുള്ള പാന്‍സിറ്റി ഡെവലപ്‌മെന്റ് പദ്ധതിക്കാണ് സ്മാര്‍ട്ട് സിറ്റിയില്‍ പ്രാധാന്യം നല്‍കുന്നത്. 24 വികസന മേഖലകളില്‍ നിന്ന് വോട്ടിങിലൂടെ ജനങ്ങള്‍ തിരഞ്ഞെടുത്ത ഒമ്പത് മേഖലകളില്‍ നിന്ന് പ്രായോഗികത കൂടി കണക്കിലെടുത്താണ് ആറ് മേഖലകളെ പാന്‍സിറ്റിക്കായി തിരഞ്ഞെടുത്തത്.നഗരത്തെ ഉന്നതനിലവാരത്തിലേക്കുയര്‍ത്താനുതകുന്ന നിരവധി നിര്‍ദേശങ്ങളാണ് രൂപരേഖയിലുള്ളത്. നഗരം നേരിടുന്ന പ്രധാന പ്രശ്‌നമായി ഖരമാലിന്യ സംസ്‌കരണ സംവിധാനത്തിന്റെ പരിപാലനം കുറ്റമറ്റതാക്കാന്‍ ഐ .സി .ടി (ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കഷന്‍ സിസ്റ്റം) ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന് എയ്‌റോബിക് ബിന്നുകളുടെ പരിപാലനത്തിനും പ്രശ്‌ന പരിഹാരത്തിനുമാണ് ഐ .സി .ടി ഉപയോഗിക്കുന്നത്. നഗരസഭയുടെ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റണമെന്നും നിര്‍ദേശമുണ്ട്. പാര്‍ക്കിങ് സ്ഥലങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനുള്ള സ്മാര്‍ട്ട് പാര്‍ക്കിങ് സംവിധാനം,പൊതുഗതാഗതം കാര്യക്ഷമമാക്കുന്നതിന് ബസ് ട്രാക് ചെയ്യുന്നതിനും വിവരം ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍, ജി. ഐ. എസ് ഉപയോഗിച്ച് ട്രാഫിക് ലൈറ്റുകളുടെ ഫലപ്രദമായ നിയന്ത്രണം, ഗതാഗതക്കുരുക്ക് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ ബോര്‍ഡുകള്‍ തുടങ്ങിയവയും സ്ഥാപിക്കും. എല്ലാ വര്‍ഡുകളിലും വൈഫൈ കണക്ഷന്‍, കുടിവെള്ള ഫൗണ്ടന്‍, ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യം, സ്ത്രീകള്‍ക്ക് വിശ്രമ സ്ഥലം,നഗരത്തിന്റെ എല്ലാ ഭാഗത്തും സി.സി.ടി.വി ക്യാമറകള്‍ തുടങ്ങിയ നിര്‍ദേശങ്ങളും രൂപ രേഖയിലുണ്ട്.
നഗരസഭാ കൗണ്‍സിലിന്റെ നിര്‍ദേശം കൂടി ഉള്‍പ്പെടുത്തി സര്‍ക്കാറിന്റെ എംപവേര്‍ഡ് കമ്മിറ്റിക്ക് വിടും. പദ്ധതിയുടെ അന്തിമ രൂപരേഖ മാര്‍ച്ച് 24ന് മുമ്പ് കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കണം.
യു. ഡി.എഫ് അംഗങ്ങളായ ഡി .അനില്‍കുമാര്‍, ജോണ്‍സണ്‍ ജോസഫ്, ബീമാപ്പള്ളി റഷീദ്, വി .ആര്‍ സിനി, ബി .ജെ. പി അംഗങ്ങളായ എം .ആര്‍ ഗോപന്‍, ഗിരികുമാര്‍ എല്‍ .ഡി .എഫ് അംഗങ്ങളായ സോളമന്‍ വെട്ടുകാട്, പാളയം രാജന്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."