ജില്ലാ വികസന സമിതി യോഗം മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഓഫിസ് ഉപകേന്ദ്രം പുനഃസ്ഥാപിക്കണം
കാസര്‍കോട്: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഏറെ സഹായകമായി വിദ്യാനഗറില്‍ പ്രവര്‍ത്തിച്ചിരുന്ന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഓഫിസ് ഉപകേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാടുളള ക്ഷേമനിധി ജില്ലാ ഓഫിസിലേക്ക് എത്തിച്ചേരാന്‍ പ്രയാസപ്പെടുന്ന പൈവളിഗെ, മീഞ്ച, വൊര്‍ക്കാടി, ദേലംപാടി, മഞ്ചേശ്വരം, മംഗല്‍പ്പാടി തുടങ്ങിയ പഞ്ചായത്തുകളിലെ നിരവധി മോട്ടോര്‍ തൊഴിലാളികള്‍ക്ക് സഹായകമായിരുന്നു ഈ ഉപകേന്ദ്രം. ഇതു നിര്‍ത്തലാക്കുന്നത് തൊഴിലാളികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പ്രമേയം അവതരിപ്പിച്ച എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. പി.ബി അബ്ദുള്‍ റസാഖ് എം.എല്‍.എ പ്രമേയത്തെ പിന്താങ്ങി.
കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡില്‍ ചളിയങ്കോട് പാര്‍ശ്വഭിത്തിയുടെ നിര്‍മാണം പൂര്‍ത്തിയായാലുടന്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നും പാര്‍ശ്വഭിത്തിയുടെ നിര്‍മാണം വേഗത്തില്‍ നടന്നുവരുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു.
ജില്ലയിലെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തമ്മിലുളള ഏകോപനം ശക്തമാക്കണമെന്ന് എം രാജഗോപാലന്‍ എം.എല്‍.എ പറഞ്ഞു.
ജില്ലയിലെ തകര്‍ന്ന പൊതുമരാമത്ത് റോഡുകള്‍ അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.
കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന മുഴുവന്‍ തീരദേശ കുടുംബങ്ങള്‍ക്കും സഹായം ലഭ്യമാക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. കടലാക്രമണത്തെ തുടര്‍ന്ന് ക്യാംപുകളിലേക്കു മാറ്റി പാര്‍പ്പിച്ചവര്‍ക്കും ബന്ധുവീടുകളിലേക്ക് മാറിയവര്‍ക്കും ഉള്‍പ്പെടെ സൗജന്യ റേഷന്‍ നല്‍കണമെന്ന് യോഗത്തില്‍ അധ്യക്ഷനായ എ.ഡി.എം വി.പി മുരളീധരന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."