തെറ്റായ വാര്‍ത്ത; ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്ഥാപിക്കണമെന്ന് പൊലിസ് അസോസിയേഷന്‍
വടകര: പൊലിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിക്കണമെന്നു കേരളാ പൊലിസ് അസോസിയേഷന്‍ 34-ാം സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം സര്‍ക്കാരിനോട് അവശ്യപ്പെട്ടു.
മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് തൊഴില്‍പരമായി വിഷമതകള്‍ സംസ്ഥാനത്തെ പൊലിസിന് വര്‍ധിച്ചുവരുന്നുണ്ട്. സമയ ക്ലിപ്തതയില്ലാത്ത ജോലിഭാരം മൂലം ഒട്ടേറെ മാനസിക സംഘര്‍ഷങ്ങള്‍ക്കു വിധേയരാവുകയാണ്.
ഈ സാഹചര്യത്തില്‍ നിലവില്‍ എട്ടു മണിക്കൂര്‍ ഡ്യൂട്ടി സമ്പ്രദായം കാര്യക്ഷമമായി നടപ്പാക്കണം.
സംസ്ഥാനത്തെ ജയിലുകളെയും കോടതികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിഡിയോ കോണ്‍ഫറന്‍സിങ് സമ്പ്രദായം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും ജസ്റ്റിസ് കെ.ടി തോമസ് കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
മത വര്‍ഗീയ തീവ്രവാദ, മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തു വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനം പരിഷ്‌കരിച്ച് കേന്ദ്ര ഇന്റലിജന്‍സ് മാതൃകയിലാക്കണം. നിലവില്‍ സിവില്‍ പൊലിസ് ഓഫിസര്‍മാര്‍ ഭൂരിപക്ഷവും ബിരുദധാരികളായതിനാല്‍ ഇവര്‍ക്ക് പ്രമോഷന്‍ ലഭിക്കാത്ത സാഹചര്യം കണക്കിലെടുത്ത് എസ്.ഐ തസ്തികയിലേക്ക് നേരിട്ടു നിയമനം നടത്തുന്നത് നിര്‍ത്തലാക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
കെ.എ.പി ഒന്നാം ബറ്റാലിയന്റെ ആസ്ഥാനം എറണാകുളം ജില്ലയിലേക്കു മാറ്റി കൊച്ചി നഗരത്തിലെ പൊലിസിന്റെ ജോലി മെച്ചപ്പെടുത്തണമെന്നും പ്രമേയങ്ങള്‍ ആവശ്യപ്പെട്ടു. 43 പ്രമേയങ്ങളാണ് ഇന്നലെ രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.ജി.അനില്‍കുമാര്‍ അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."