ഉള്‍ക്കണ്ണിന്റെ താളം; മനംകുളിര്‍പ്പിക്കും മേളം
ചെറുവത്തൂര്‍: അജയന്റെ ഉള്ളിലൊരു താളമുണ്ട്. ഇതുവരെ കാണാത്ത ലോകത്തുനിന്നും കേള്‍വിയിലൂടെ പഠിച്ചെടുത്ത താളം. കാഴ്ചകള്‍ അന്യമാണെങ്കിലും കളിയാട്ടസന്നിധികളില്‍ ചെണ്ടയില്‍ കൊട്ടിക്കയറുമ്പോള്‍ അജയന്റെ മനസില്‍ നിറയുന്നത് അതിജീവനത്തിന്റെ താളം കൂടിയാണ്. ചീമേനി പൊതാവൂരിലെ അജയന് നന്നേ ചെറുപ്പത്തിലെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടമായി. എങ്കിലും തെയ്യം കലാകാരനായ അച്ഛന്‍ കുഞ്ഞിരാമന്റെ കൈയുംപിടിച്ച് അഞ്ചാം വയസ് മുതല്‍ കളിയാട്ട സ്ഥലങ്ങളില്‍ എത്തിത്തുടങ്ങി. കാല്‍ ചിലമ്പിനൊപ്പമുള്ള ചെണ്ടയുടെ മേളം മനസില്‍ കുറിക്കാന്‍ തുടങ്ങി. ചെറുപ്പത്തില്‍ തന്നെ ചെണ്ടക്കോലും, ഇലത്താളവുമെല്ലാം കൈയിലെടുത്തു.
ചീമേനി വിഷ്ണുമൂര്‍ത്തി ക്ഷേത്ര കളിയാട്ടത്തില്‍ മുപ്പത് വര്‍ഷത്തോളമായി അജയന്‍ വാദ്യക്കാര്‍ക്കൊപ്പമുണ്ട്. എല്ലാ മേളവും അജയന് മനഃപാഠമാണ്. ഒന്നിന് പിറകെ ഒന്നായി എത്തിയ ദുരിതങ്ങള്‍ക്കിടയിലും പതറാതെ മുന്നോട്ട് പോവുകയാണ് ഈ 37 കാരന്‍. ഒറ്റപ്പാലം എന്‍.എസ്.എസ് കോളജില്‍നിന്ന് ബി.എഡ് കഴിഞ്ഞിറങ്ങി ചിലയിടങ്ങളില്‍ താല്‍ക്കാലിക അധ്യാപകന്റെ ജോലി നോക്കിയെങ്കിലും കാഴ്ചയില്ലാത്ത പ്രശ്‌നം മൂലം ആ ജോലി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ ചെസ് മത്സരങ്ങളില്‍ ഉള്‍ക്കണ്ണിന്റെ വെളിച്ചത്തില്‍ അജയന്‍ തിളങ്ങി. സാമ്പത്തിക പ്രയാസമുണ്ടായപ്പോള്‍ ചീമേനിയില്‍ ലോട്ടറി വില്‍പനയും നടത്തി. കഷ്ടതകള്‍ക്കിടയില്‍ മലപ്പുറം എടപ്പാള്‍ സ്വദേശിനി ഗീത ജീവിതസഖിയായി എത്തിയെങ്കിലും പ്രസവത്തെ തുടര്‍ന്ന് ഗീത മരണപ്പെട്ടു. മകന്‍ അര്‍പ്പിത്‌റാം ഇപ്പോള്‍ അജയന്റെ കൂടെയുണ്ട്. ഇടയ്ക്ക് മകന്റെ കാഴ്ചയും നഷ്ടമാകുമെന്ന നിലവന്നു. എന്നാല്‍ സുമനസുകള്‍ മുന്നോട്ട് വന്നപ്പോള്‍ ചികിത്സയ്ക്കും മറ്റുമായി സഹായം ലഭിച്ചു. കുട്ടിയുടെ അസുഖം ഭേദമായി തുടങ്ങിയിട്ടുണ്ട്. അജയന്റെ സഹോദരന്മാരാണ് ഇപ്പോള്‍ ചീമേനി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ തെയ്യങ്ങള്‍ കെട്ടുന്നത്. കറുത്ത കണ്ണടയും ധരിച്ചു ചെണ്ടയില്‍ അജയന്‍ വിസ്മയതാളം തീര്‍ക്കുന്നത് കാഴ്ചക്കാര്‍ക്കും വിസ്മയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."