ഗൂഡല്ലൂര്‍ ബസ് സ്റ്റാന്‍ഡ് വിപുലീകരണം: അനക്കമില്ലാതെ അധികൃതര്‍
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ ബസ്റ്റാന്‍ഡ് വിപുലീകരണം അനന്തമായി നീളുന്നു. മാസങ്ങള്‍ക്ക് മുമ്പ് ജില്ലാഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഊട്ടി റേസ് കോഴ്‌സ് മൈതാനിയില്‍ നടന്ന എം.ജി.ആര്‍ നൂറാം വാര്‍ഷിക ആഘോഷ പരിപാടിക്കിടെ ഗൂഡല്ലൂര്‍ ബസ് സ്റ്റാന്‍ഡിന്റെ നവീകരണത്തിന് 4.75 കോടി രൂപ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും യാതൊരുവിധ പ്രവൃത്തികളും തുടങ്ങിയിട്ടില്ല. നിലവില്‍ ബസ്സ്റ്റാന്‍ഡ് തകര്‍ച്ചാഭീഷണിയിലാണ്. മുന്‍ വശത്ത് വലിയ കുഴിയും കൂടാതെ കുഴിയില്‍ ചെളിവെള്ളം കെട്ടി നില്‍ക്കുന്നുമുണ്ട്.
ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. മഴക്കാല സമയങ്ങളില്‍ ചോര്‍ച്ച കാരണം യാത്രക്കാര്‍ക്ക് ഇവിടെ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സ്റ്റാന്‍ഡിനകത്തുണ്ടായിരുന്ന ശൗചാലയവും തകര്‍ന്നു. ഇത് വിദൂരങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ഏറെ ദുരിതമാണ് സമ്മാനിക്കുന്നത്. പുറത്ത് തുറന്ന സ്ഥലങ്ങളിലാണ് യാത്രക്കാര്‍ കാര്യങ്ങള്‍ സാധിക്കുന്നത്. പത്ത് ബസുകളില്‍ കൂടുതല്‍ ബസുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇല്ല.
ബസുകള്‍ക്ക് പാര്‍ക്കിങിന് വേണ്ടത്ര സൗകര്യം ഇല്ലാത്തതിനാല്‍ റോഡരികിലാണ് പാര്‍ക്ക് ചെയ്യുന്നത്. റോഡരുകില്‍ ബസുകള്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും കാരണം ഇവിടെ പലപ്പോഴും വാഹന ഗതാഗതം തടസപ്പെടാറുണ്ട്. അന്യസംസ്ഥാന ബസുകളടക്കം ദിനംപ്രതി നൂറില്‍പ്പരം ബസുകളാണ് സ്റ്റാന്‍ഡില്‍ കയറിയിറങ്ങുന്നത്. ബസ് സ്റ്റാന്‍ഡിന്റെ മുന്‍ വശത്ത് കൂടിയാണ് ഊട്ടി-മൈസൂര്‍ ദേശീയ പാത 67 കടന്ന് പോകുന്നത്. പിന്‍വശത്ത് ആവശ്യത്തിന് സ്ഥല സൗകര്യം ഉണ്ട്. അതിനാല്‍ ഉടന്‍ വിപുലീകരിച്ച് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."