കിണറില്‍ വെള്ളമുണ്ടായിട്ടെന്തു കാര്യം..? കുടിവെള്ള പദ്ധതികള്‍ നോക്കുകുത്തിയാവുന്നു
ചെങ്കള: ജലക്ഷാമം രൂക്ഷമായിട്ടും ജനങ്ങള്‍ക്കു കുടിവെള്ളം വിതരണം ചെയ്യാനാവാതെ കുടിവെള്ള പദ്ധതി നോക്കു കുത്തിയാവുന്നു. ചെങ്കള പഞ്ചായത്തിലെ എരിയപ്പാടി പ്രദേശത്ത് പഞ്ചായത്ത് സ്ഥാപിച്ച കുടിവെള്ള പദ്ധതികളാണു ജനത്തിന് ഉപയോഗമില്ലാതെ നശിക്കുന്നത്. രണ്ടു കോളനികളിലെ 120 ഓളം കുടുംബങ്ങളാണ് ഇവിടെ എട്ടു മാസമായി കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുന്നത്.
സമീപത്തെ ലക്ഷം വീട് കോളനിയിലെ പത്തിലേറെ കുടുംബങ്ങള്‍ക്കു പ്രദേശവാസിയായ മുഹമ്മദ് ആഴ്ചയില്‍ രണ്ടു പ്രാവശ്യം സൗജന്യമായി നല്‍കുന്ന വെള്ളം ഉപയോഗിച്ചാണ് ഇവര്‍ വീട്ടാവശ്യങ്ങള്‍ നിര്‍വഹിക്കുന്നത്. പ്രദേശത്തെ മറ്റുള്ളവരാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. കുടിവെള്ളം വിതരണം ചെയ്യാനായി മൂന്നു പൊതു ജലസംഭരണികളും കിണറുകളും പ്രദേശത്തുണ്ടെങ്കിലും അതിന്റെ സേവനം ജനത്തിനു ലഭിക്കുന്നില്ല.
കുടിവെള്ള വിതരണത്തിനായി പഞ്ചായത്ത് മധുവാഹിനിപ്പുഴയുടെ തീരത്ത് സ്ഥാപിച്ചിട്ടുള്ള കിണറില്‍ കടുത്ത വരള്‍ച്ചയിലും ആവശ്യത്തിനു കുടിവെള്ളമുണ്ടായിട്ടും ജനങ്ങള്‍ക്കു ദാഹജലം എത്തിക്കുന്നതില്‍ പഞ്ചായത്ത് പരാജയപ്പെട്ടിരിക്കുകയാണെന്നാണ് ആക്ഷേപും.
ഇതു കൂടാതെ ഈ കിണര്‍ വറ്റുകയാണെങ്കില്‍ ആശ്രയിക്കാനായി പുഴയില്‍ റിങ് താഴ്ത്തി പൈപ്പ് ലൈനും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ നിന്നു വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടോര്‍, പൈപ്പ് ലൈന്‍ തുടങ്ങിയ ഉപകരണങ്ങള്‍ ദ്രവിച്ചതാണു പദ്ധതി മുടങ്ങാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
കുടിവെള്ള പ്രശ്‌നത്തിനു ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളില്‍ നിന്നു ഒപ്പ് ശേഖരണം നടത്തി എരിയപ്പാടി കിങ് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കി.
പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ഉന്നയിച്ചു പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും വാര്‍ഡ് അംഗം എ മമ്മുഞ്ഞി അറിയിച്ചു. കുടിവെള്ള പ്രശ്‌നത്തിന് ഉടന്‍ പരിഹാരമായില്ലായെങ്കില്‍ ഗുണഭോക്താക്കളെയും നാട്ടുകാരെയും അണിനിരത്തി പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നു നാട്ടുകാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."