നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി 360 സി.ഐ.എസ്.എഫ് ഭടന്മാര്‍ കൂടി
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷക്കായി 360 സി.ഐ.എസ്.എഫ് ഭടന്മാര്‍ കൂടി നെടുമ്പാശ്ശേരിയിലെത്തും. പുതിയ അന്താരാഷ്ട്ര റെര്‍മിനലായ 'ടി3' പ്രവര്‍ത്തനം തുടങ്ങിയത് കണക്കിലെടുത്താണു കേന്ദ്ര വ്യവസായ സംരക്ഷണ സേനയില്‍ നിന്നും കൂടുതല്‍ പേരെ നെടുമ്പാശ്ശേരിയില്‍ എത്തിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര അഭ്യന്തര മന്ത്രാലയം പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ആകെ സി.ഐ.എസ്.എഫ് സേനാംഗങ്ങളുടെ എണ്ണം 854 ആകും.
നിലവില്‍ കമാന്‍ഡന്റ് ആണ് വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് യൂണിറ്റിന്റെ തലവന്‍. സീനിയര്‍ കമാന്‍ഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഈ സ്ഥാനത്തുള്ളതെങ്കിലും തസ്തിക അനുവദിക്കപ്പെട്ടിരുന്നില്ല. അംഗബലം കൂടുന്നതോടെ സീനിയര്‍ കമാന്‍ഡന്റ് തസ്തികയും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയിട്ടുണ്ട്.ഇതിനു പുറമെ ഒരു ഡെപ്യൂട്ടി കമാന്‍ഡന്റ് തസ്തികയും മൂന്ന് അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയും അധികമായി അനുവദിച്ചു.
നിയമപ്രകാരം ഇവരുടെ മൂന്ന് മാസത്തെ ശമ്പളത്തിന് തത്തുല്യ തുകയായ 4.61 കോടി രൂപ ഇതിനോടകം തന്നെ സിയാല്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ സമഗ്രമായ സുരക്ഷാച്ചുമതലയാണ് സി.ഐ.എസ്.എഫ് വഹിക്കുന്നത്. പുതിയ അംഗബലം കൂടി ലഭിക്കുന്നതോടെ സംസ്ഥാനത്ത് ഏറ്റവുമധികം സി.ഐ.എസ്.എഫ് ഭടന്‍മാരുള്ള സ്ഥാപനങ്ങളിലൊന്നാകും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."