ആറ്റിങ്ങല്‍ നഗരസഭ: വികസനോത്സവം 16ന്
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭ 2017-18ല്‍ നടപ്പിലാക്കിയ വിവിധ വികസന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം വികസനോത്സവം 16ന് വൈകിട്ട് അഞ്ചിന് സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ നിര്‍വഹിക്കും.
ജനകീയാസൂത്രണത്തിന്റെയും നഗരസഭയുടെയും എം.പി, എം.എല്‍.എ ഫണ്ടുകള്‍ ഉപയോഗിച്ച് നടപ്പിലാക്കിയ വിവിധ വികസന ക്ഷേമ പദ്ധതികളാണ് ആറ്റിങ്ങല്‍ നഗരസഭ 2017-18ല്‍ പൂര്‍ത്തിയാക്കിയത്. അതോടൊപ്പം നിരവധി പുതിയ പദ്ധതികള്‍ക്കും തുടക്കം കുറിക്കുന്നു. നഗരസഭ പി.എം.എ.വൈ, ലൈഫ് പദ്ധതികളിലൂടെ നിര്‍മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ വിതരണവും ചടങ്ങില്‍ നടക്കും.
2018-19 വര്‍ഷത്തില്‍ 15 കോടിയോളം രൂപയുടെ പദ്ധതിപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും വേദിയില്‍ നടക്കും. എഴുപതോളം പുതിയ പദ്ധതികളും 108 റോഡുകളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് കഴിഞ്ഞ വര്‍ഷം നഗരസഭ നടപ്പാക്കിയത്. ജനകീയാസൂത്രണപ്രസ്ഥാനത്തിലെ ആദ്യകാലപ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കും.
ഖരമാലിന്യ സംസ്‌കരണത്തിനുള്ള തുടര്‍ച്ചയായ പതിമൂന്നു അവാര്‍ഡുകള്‍ ലഭിച്ച ആറ്റിങ്ങല്‍ നഗരസഭക്ക് ഈ വര്‍ഷം ഒരേ വേദിയില്‍ ഒരേ കാര്യത്തിനായി പ്രഖ്യാപിച്ച മൂന്നു അവാര്‍ഡുകളും നേടി. ബി. സത്യന്‍ എം.എല്‍.എ യോഗത്തില്‍ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."