യു.പിയിലെ ഓരോ വോട്ടിനും രാഷ്ട്രീയപാര്‍ട്ടികള്‍ ചെലവിട്ടത് 750 രൂപ
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി വിവിധ രാഷ്ട്രീയകക്ഷികള്‍ ചെലവഴിച്ചത് 5,500 കോടി രൂപ. ഇതില്‍ ആയിരം കോടി രൂപയോളം വോട്ടര്‍മാരെ സ്വാധീനിക്കാനായാണ് ചെലവഴിച്ചത്. സംസ്ഥാനത്തെ മൂന്നിലൊന്ന് വോട്ടര്‍മാരും തങ്ങള്‍ക്ക് വിവിധ രാഷ്ട്രീയ കക്ഷികള്‍ പണമോ മദ്യമോ നല്‍കിയതായും വോട്ടെടുപ്പാനന്തര സര്‍വേയില്‍ വ്യക്തമായി. ഉത്തര്‍പ്രദേശിലെ വിവിധ മണ്ഡലങ്ങളില്‍ സി.എം.എസ് നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. തെരഞ്ഞെടുപ്പു കമ്മിഷന്റെ നിയമപ്രകാരം നിയമസഭാതെരഞ്ഞെടുപ്പില്‍ ഒരുസ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 25 ലക്ഷംരൂപയാണ്. തെരഞ്ഞെടുപ്പു യോഗങ്ങള്‍, പരസ്യബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, വാഹനം, പ്രകടനങ്ങള്‍, മാധ്യമങ്ങള്‍ മുഖേനയുള്ള പരസ്യം എന്നിങ്ങനെയുള്ള പ്രചാരണങ്ങള്‍ക്കാണ് സാധാരണ സ്ഥാനാര്‍ഥികള്‍ പണംചെലവഴിക്കാറുള്ളത്. എന്നാല്‍ സര്‍വേയില്‍ മിക്ക സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പു കമ്മിഷന്‍ അനുവദിച്ച പരിധിക്കപ്പുറവും പണം ചെലവഴിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഓരോ വോട്ടിനും 750 രൂപവീതം ചെലവഴിക്കപ്പെട്ടതായാണ് സര്‍വേയില്‍ കണ്ടെത്തിയത്. ഇതാവട്ടെ സര്‍വകാല റെക്കോര്‍ഡാണ്. അഞ്ചുസംസ്ഥാനങ്ങളിലും നടന്ന തെരഞ്ഞെടുപ്പിനിടെ ഉത്തര്‍പ്രദേശില്‍ നിന്ന് മാത്രം 200 കോടി രൂപയും പഞ്ചാബില്‍ നിന്ന് 100 കോടി രൂപയും ഇലക്ടറല്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."