മാള സാമൂഹ്യാരോഗ്യ കേന്ദ്രം: അഴിമതി ആരോപണങ്ങള്‍ക്ക് തെളിവുകളുമായി പഞ്ചായത്ത് അംഗങ്ങള്‍
മാള: മാള ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കെ കരുണാകരന്‍ സ്മാരക മാള സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നടന്നതായി പറയുന്ന വനിതകള്‍ക്കായുള്ള കാന്‍സര്‍ നിര്‍ണയ ക്യാംപുമായി ബന്ധപ്പെട്ടു ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്കു ബലമേകുന്ന രേഖകളുമായി ഗ്രാമപഞ്ചായത്തംഗങ്ങള്‍. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുമായി എത്തിയ മാള ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങള്‍ അഴിമതിയെക്കുറിച്ചു സമഗ്രാന്വേഷണം നടത്തണമെന്നു വാര്‍ത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.
ആശുപത്രി സൂപ്രണ്ട് ആശ സേവ്യാര്‍ നടത്തിയ അഴിമതിക്കു മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും കൂട്ടുനിന്നെന്നാണിവരുടെ ആരോപണം. ഇക്കഴിഞ്ഞ ഫെബ്രുവരി 22 നു ആശുപത്രിയില്‍ വനിതകള്‍ക്കായി കാന്‍സര്‍ നിര്‍ണയ ക്യാംപ് സംഘടിപ്പിച്ചുവെന്നു പറഞ്ഞുകൊണ്ടു 49997 രൂപയാണു ആശുപത്രി സൂപ്രണ്ട് കൈപ്പറ്റിയിരിക്കുന്നത്. മാള ഗ്രാമപഞ്ചായത്തിന്റെ 2017-18 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍പെടുത്തിയ കാന്‍സര്‍ രോഗ നിര്‍ണയ ക്യാംപിനെ കുറിച്ചു ഗ്രാമപഞ്ചായത്തംഗങ്ങളോ ആശാ വര്‍ക്കര്‍മാരോ പോലും അറിഞ്ഞില്ലെന്നാണു ആരോപണം.
134 പേര്‍ ഒപ്പിട്ട മിനിറ്റ്‌സില്‍ മാളയിലെ 23 പേര്‍ മാത്രമാണുള്ളത്. അന്നേ ദിവസം ഒ.പിയില്‍ വന്ന സ്ത്രീകളുടെ ഒപ്പുകള്‍ ഇടുവിച്ചാണു മിനിറ്റ്‌സ് നിറച്ചിരിക്കുന്നത്. അതില്‍ പലതും ഒരാള്‍ തന്നെ പല പേരുകളില്‍ ഒപ്പിട്ടതായി ബലമേറിയ സംശയമുണ്ട്. 10000 കുടുബങ്ങള്‍ മാത്രമുള്ള മാള ഗ്രാമപഞ്ചായത്തില്‍ 15000 നോട്ടിസുകള്‍ അച്ചടിച്ചെന്നു പറഞ്ഞു 5000 രൂപയാണു ചെലവായി മാറ്റിയെടുത്തിരിക്കുന്നത്.
ഇരിങ്ങാലക്കുട സര്‍ജിക്കല്‍സിന്റെ പേരില്‍ 7442 രൂപയും 2212 രൂപയും മാള ഗ്ലോബല്‍ അപ്ലിയന്‍സസിന്റെ പേരില്‍ 2900, മാള നീതി മെഡിക്കല്‍സിന്റെ പേരില്‍ 102, ന്യൂ അലങ്കാര്‍ സ്റ്റോഴ്‌സിന്റെ പേരില്‍ 1051രൂപയും 3500 രൂപയും 675 രൂപയും ജീവ സില്‍ക്‌സിന്റെ പേരില്‍ 645, സ്‌റ്റ്രൈഡ് ഫുട് വെയറിന്റെ പേരില്‍ 540, ഫ്‌ലവര്‍ ഓവന്‍സിന്റെ പേരില്‍ 12000, ഡോക്ടര്‍മാര്‍ക്കും അനുബന്ധ സ്റ്റാഫിനുമായുള്ള ഓണറേറിയമായി 5500, തൃശൂര്‍ നിന്നും ഇവരെ എത്തിക്കാനായി 4000, വടക്കന്‍സ് ഹോട്ടലിന്റെ പേരില്‍ 3900, ഫ്‌ലെക്‌സിനും ഫോട്ടോക്കുമായി 530 രൂപയുമായാണു 49997 രൂപ പാസ്സാക്കി എടുത്തിരിക്കുന്നത്. മല്‍സ്യക്കറി കൂട്ടി ഉച്ചഭക്ഷണവും ചായയും പഴംപൊരിയും 150 പേര്‍ക്കു നല്‍കിയെന്നാണു പറയുന്നത്.
എന്നാല്‍ ഉച്ചഭക്ഷണം ഡോക്ടര്‍മാര്‍ക്കും അനുബന്ധ സ്റ്റാഫിനുമൊഴികെ മറ്റൊരാള്‍ക്കു പോലും നല്‍കിയിട്ടില്ലെന്നാണു അന്വേഷണത്തില്‍ വ്യക്തമായത്. മോണിറ്ററിംഗ് കമ്മിറ്റിയുടെ പരിശോധന റിപ്പോര്‍ട്ട് ഇല്ലാതെയാണു കര്‍ശ്ശന നിയമപരിപാലനം നടത്തണമെന്നു പറയുന്ന സെക്രട്ടറിയും പ്രസിഡന്റും ഒപ്പിട്ടു നല്‍കിയത്. മോണിറ്ററിംഗ് കമ്മിറ്റിയുടെ ഭാഗമായ വികസനകാര്യആരോഗ്യ വിദ്യഭ്യാസ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ പോലും ഇത്തരമൊരു ക്യാംപിനെ കുറിച്ചറിഞ്ഞിട്ടില്ല.
ആശാ വര്‍ക്കര്‍ കൂടിയായ ഗ്രാമപഞ്ചായത്തംഗം സ്മിത ഫ്രാന്‍സിസ് ചടങ്ങിനു എത്തിയില്ലെങ്കിലും ഫോട്ടോയില്‍ അവരെയും ഉള്‍പ്പെടുത്തിയിരിക്കയാണ്. ആശുപത്രിയില്‍ നടന്ന മറ്റേതോ പരിപാടിയുടെ ഫോട്ടോയില്‍ നിന്നുമുള്ള ഇവരുടെ ഫോട്ടോയാണു ഇതില്‍ ചേര്‍ത്തിരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടേയും മൗനാനുവാദത്തിലൂടെ ഇവരും അഴിമതിയുടെ ഭാഗമാണെന്നു തെളിയുകയാണ്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണത്തിനായി ഒന്‍പതംഗ സബ് കമ്മിറ്റിക്കു രൂപം നല്‍കിയിരിക്കയാണു ഗ്രാമപഞ്ചായത്ത്. സമഗ്രാന്വേഷണം ആവശ്യപ്പെട്ടുകൊണ്ടു വിജിലന്‍സിനും ഉന്നതാധികൃര്‍ക്കും പരാതി നല്‍കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.കെ ജിനേഷ്, വര്‍ഗ്ഗീസ് വടക്കന്‍, ജൂലി ബെന്നി, സ്മിത ഫ്രാന്‍സിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."