വനഭൂമിയില്‍ അതിക്രമിച്ചു കടന്ന റിസോര്‍ട്ട് ഉടമക്കെതിരേ വനം വകുപ്പ് കേസെടുത്തു
പനമരം: വനഭൂമി കൈയ്യേറിയ റിസോര്‍ട്ട് ഉടമക്കെതിരേ വനം വകുപ്പ് കേസെടുത്തു.
ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ പാതിരി സൗത്ത് സെക്ഷനിലെ എടക്കാട് വനഭാഗത്ത് നരസി പുഴയോട് ചേര്‍ന്ന 60 സെന്റ് സ്ഥലം കൈയ്യേറിയതുമായി ബന്ധപ്പെട്ടാണ് റിസോര്‍ട്ട് ഉടമക്കെതിരേ കേസെടുത്തിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേണിച്ചിറ സ്വദേശിയും എടക്കാട് ഹീലിയ റിസോര്‍ട്ട് ഉടമയുമായ എന്‍.ജെ ജോര്‍ജ് സ്വകാര്യ വ്യക്തിയില്‍ നിന്നും എട്ട് ഏക്കര്‍ സ്ഥലം വിലക്ക് വാങ്ങിയിരുന്നു.
ഇതിനോട്അനുബന്ധിച്ചുള്ള വനം വകുപ്പിന്റെ 60 സെന്റ് സ്ഥലം കൈയ്യേറിയെന്നാരോപിച്ചാണ് കേസ്. 2010ല്‍ ഇതു സംബന്ധിച്ച് കേസ് നല്‍കിയിരുന്നു. രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് കേസ് വനം വകുപ്പിന് അനുകൂലമാകുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്ത് ജണ്ട കെട്ടുകയും ചെയ്തു. എന്നാല്‍ 2015ല്‍ ഭൂമി തിരിച്ച് നല്‍കണമെന്ന ആവശ്യമുന്നയിച്ച് ജോര്‍ജ് വീണ്ടും കോടതിയ സമീപിക്കുകയും പിന്നീട് കേസ് സ്വമേധയാ പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഇതിന് ശേഷം വനം വകുപ്പ് സ്ഥലം സര്‍വേ നടത്തുകയും ജണ്ട കെട്ടി വനഭാഗത്തോട് ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം ഇയാള്‍ സ്ഥലത്ത് അതിക്രമിച്ച് കടക്കുകയും ഹിറ്റാച്ചി യന്ത്രമുപയോഗിച്ച് സ്ഥലം കിളച്ചുമറിക്കാനും തുടങ്ങിയതോടെയാണ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയത്.
തുടര്‍ന്ന് ഹിറ്റാച്ചി കസ്റ്റഡിയിലെടുക്കുകയും ഇയാള്‍ക്കെതിരേ കേസെടുക്കുകയുമായിരുന്നു. ഹിറ്റാച്ചി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
ചെതലയം റെയ്ഞ്ച് ഓഫിസര്‍ രയരോത്ത് സജികുമാര്‍, പാതിരി ഫോറസ്റ്റ് ഓഫിസര്‍ മുസ്തഫ സാദിഖ്, ബീറ്റ് ഓഫിസര്‍മാരായ കെ.യു സുരേന്ദ്രന്‍, ഇ.കെ അപ്പച്ചന്‍, കെ.ജെ സജന്‍, സി.എസ് ബീനിഷ്, ഡ്രൈവര്‍ മാനുവല്‍ ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഹിറ്റാച്ചി കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."