ആശങ്ക ഒഴിയാതെ ലയങ്ങള്‍
മേപ്പാടി: അനധികൃതമായി മാനേജ്‌മെന്റ് ലോക്കൗട്ട് ചെയ്ത ചെമ്പ്ര എസ്റ്റേറ്റ് തൊഴിലാളികളുടെ സമരം 144 ദിവസം പിന്നിടുന്നു. ഈ മാസം ആദ്യവാരം തിരുവനന്തപുരത്ത് നടന്ന മന്ത്രിതല ചര്‍ച്ചയില്‍ എസ്റ്റേറ്റ് തുറക്കാന്‍ ധാരണയായിരുന്നെങ്കിലും ഇതുവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയായിട്ടില്ല.
ചര്‍ച്ച കഴിഞ്ഞ് 10 ദിവസത്തിനകം എസ്റ്റേറ്റ് എന്നു തുറക്കുമെന്ന് കമ്പനി അധികൃതര്‍ തീരുമാനിച്ച് അറിയിക്കുമെന്നാണ് മന്ത്രിതല ചര്‍ച്ചയില്‍ ധാരണയായിരുന്നത്. എന്നാല്‍, ഈ അവധി കഴിഞ്ഞിട്ടും എസ്റ്റേറ്റ് തുറക്കുന്നത് സംബന്ധിച്ച് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. ഇതോടെ 320ഓളം വരുന്ന തൊഴിലാളികള്‍ കടുത്ത ദുരിതത്തിലായിരിക്കുകയാണ്.
മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് അനുകൂല നീക്കങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ സമരം ശക്തമാക്കാനൊരുങ്ങുകയാണ് തൊഴിലാളികളുടെ നേതൃത്വത്തിലുള്ള സമര സമിതി. ഇതിന്റെ ഭാഗമായി നാളെ നടക്കുന്ന സമരസമിതിയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും. യോഗത്തില്‍ സമരസഹായസമിതി ഭാരവാഹികളും പങ്കെടുക്കും.
എന്നാല്‍, ചെമ്പ്ര എസ്റ്റേറ്റ് സമരത്തില്‍ ട്രേഡ് യൂനിയനുകള്‍ക്ക് ഇരട്ടത്താപ്പാണെന്ന ആക്ഷേപം ശക്തമാണ്. മുന്‍പ് എസ്റ്റേറ്റില്‍ ശമ്പള വിതരണം മുടങ്ങിയപ്പോള്‍ സ്ത്രീ തൊഴിലാളികള്‍ ഒരുമിച്ച് എസ്‌റ്റേറ്റ് മാനേജറെ വഴിയില്‍ തടഞ്ഞിരുന്നു. ഇതിന്റെ ഫലമായി ശമ്പളം വിതരണം ചെയ്യുകയും ചെയ്തിരുന്നു. നിലനില്‍പ് അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് ട്രേഡ് യൂനിയനുകള്‍ സമര രംഗത്തെത്തിയത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന വ്യാപകമായി തോട്ടം തൊഴിലാളികള്‍ സമരം നടത്തിയിരുന്നു. ഇതില്‍ ജില്ലയില്‍ സി.ഐ.ടി.യു ഐക്യ ട്രേഡ് യൂനിയന് ഒപ്പം നില്‍ക്കാതെ ഒറ്റക്കാണ് സമരമുഖത്തുണ്ടായിരുന്നത്. എന്നാല്‍ ചെമ്പ്ര എസ്റ്റേറ്റ് സമരത്തില്‍ സി.ഐ.ടി.യും സമര സഹായ സമിതിയിലുണ്ട്. ഇത് സമരം സര്‍ക്കാരിനെതിരേ തിരിക്കുന്നത് തടയാനാണെന്ന ആക്ഷേപമാണ് ഉയരുന്നത്. കൂടാതെ കഴിഞ്ഞ ജനുവരി 24ന് ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ ചര്‍ച്ചക്ക് തീരുമാനിച്ചിരുന്നെങ്കിലും മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി ഒന്നിന് ഓരോ തൊഴിലാളിക്കും രണ്ടേക്കര്‍ ഭൂമി വീതം അളന്ന് കുടില്‍ കെട്ടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ജനുവരി 31ന് വിഷയം സംബന്ധിച്ച് ഫെബ്രുവരി ഏഴിന് മന്ത്രിതല ചര്‍ച്ച നടത്തുമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അറിയിച്ചതോടെ ഭൂമി അളക്കാനുള്ള തീരുമാനം പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് കുടിലുകള്‍ മാത്രം കെട്ടി സമരം തുടരുകയായിരുന്നു. സമരത്തിന് തലേന്ന് മാത്രം മന്ത്രിതല ചര്‍ച്ച സംബന്ധിച്ച് അറിയിച്ചത് രാഷ്ട്രീയ നീക്കമാണെന്നും ആരോപണമുണ്ട്. ഈയോഗം പിന്നീട് മാര്‍ച്ച് ഒന്നിലേക്ക് മാറ്റി. ഈ യോഗത്തിലാണ് എസ്‌റ്റേറ്റ് തുറക്കാന്‍ ധാരണയായത്.
എന്നാല്‍ എന്നു തുറക്കുമെന്നത് കമ്പനി തീരുമാനിക്കുമെന്നും അത് പത്ത് ദിവസത്തിനുള്ളില്‍ അറിയിക്കുമെന്നുമായിരുന്നു ധാരണ. ഇതാണ് നിലവില്‍ കമ്പനി ലംഘിച്ചിരിക്കുന്നത്. രാഷ്ട്രീയ ലാഭങ്ങള്‍ക്കായി തൊഴിലാളികളെ കരുവാക്കുന്ന ട്രേഡ് യൂനിയനുകളുടെ നിലപാടില്‍ തൊഴിലാളികള്‍ക്കിടയില്‍ തന്നെ മുറുമുറപ്പുണ്ട്. സമരം നീണ്ടതോടെ എസ്‌റ്റേറ്റിലെ തൊഴിലാളികളും ആശങ്കയിലാണ്. മക്കളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെ അവതാളത്തിലാകുമെന്ന ആശങ്കയിലാണ് തൊഴിലാളികള്‍ പൊളിഞ്ഞു വീഴാറായ ലയങ്ങളില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."