സന്തോഷ് ട്രോഫിയില്‍ മുഹമ്മദ് പാറക്കോടന്‍ വിജയഗാഥ
അലനല്ലൂര്‍: കഴിഞ്ഞ ദിവസത്തെ സന്തോഷ് ട്രോഫി പഞ്ചാബ് -കേരളം പോരാട്ടത്തില്‍ കേരളത്തിന് വിജയത്തോളം കിടപിടിക്കുന്ന സമനില ഗോളുകള്‍ സമ്മാനിച്ച അലനല്ലൂര്‍ എടത്തനാട്ടുകര സ്വദേശി മുഹമ്മദ് പാറക്കോടിന്റെ സുവര്‍ണ ബൂട്ടുകളില്‍ നിന്നും പന്തുയരുമ്പോള്‍ അലനല്ലൂര്‍ ഒന്നാകെ ശ്വാസമടക്കി പ്രാര്‍ഥനയിലായിരുന്നു. ഗോവയിലെ ബാംബോലി സി.എം.സി സ്റ്റേഡിയത്തിലെ ആവേശപ്പോരാട്ടത്തില്‍ കോച്ച് പി.വി ഷാജി അസ്ഹറുദ്ധീനെ പിന്‍വലിച്ച് 69ാം മിനിറ്റിലാണ് മുഹമ്മദിനെ കളത്തിലിറക്കുന്നത്. ടീം കോച്ചിന്റെ തീരുമാനം ശരിവെക്കും വിധത്തിലായിരുന്നു താരത്തിന്റെ രംഗപ്രവേശനം. മത്സരത്തിന്റെ 89ാം മിനുട്ടിലും ഇന്‍ജുറി ടൈമില്‍ 93ാം മിനിറ്റിലുമായി രണ്ട് ഗോളുകളാണ് പഞ്ചാബിന്റെ പ്രധിരോധത്തെ മറികടന്ന് മുഹമ്മദ് വലയിലാക്കിയത്.
തോറ്റു നിന്ന കളിയില്‍ അവസാന അഞ്ച് മിനിറ്റില്‍ ഇരട്ട ഗോള്‍ നേടി കേരളത്തെ രക്ഷിച്ച മുഹമ്മദ് പാറക്കോട്ടില്‍ മലയാളികളുടെ അഭിമാനവും അലനല്ലൂരിന്റ സ്വകാര്യ അഹങ്കാരവുമായി മാറിയിരിക്കുകയാണ്.
കോട്ടപ്പള്ളയിലെ പാറോക്കോട്ട് ഷാജഹാന്‍- ഷാനിമോള്‍ ദമ്പതികളുടെ നാലു മക്കളില്‍ മൂത്ത മകനാണ് മുഹമ്മദ്. ഇത്തവണ പാലക്കാട് ജില്ലയില്‍ നിന്നും ക്യാംപിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഫുട്‌ബോള്‍ താരവും മുഹമ്മദാണ്. ഏഴാംതരം മുതല്‍ എറണാകുളം സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലും തുടര്‍ന്നുള്ള ഒന്നര വര്‍ഷം ജാര്‍ഖണ്ഡ് ബൊക്കാറോ സെയില്‍ ഫുട്‌ബോള്‍ അക്കാദമിയിലും പരിശീലനം നേടിയ മുഹമ്മദ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാന സീനിയര്‍ സ്‌കൂള്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."