കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ ഏഴുപേര്‍ക്ക് ഡെങ്കിപ്പനി
നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി പടരുന്നു. ഇതുവരെയായി ഏഴുപേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു.പഞ്ചായത്തിലെ തലയടുക്കം (മൂന്ന്), കൊല്ലമ്പാറ, പന്നിത്തടം (രണ്ട് വീതം) എന്നീ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി പടരുന്നത്.
ഇതിനുപുറമെ പന്നിത്തടത്ത് നിരവധി പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ചെറിയ തോതില്‍ വേനല്‍മഴ പെയ്തതോടെയാണ് ഇവിടങ്ങളില്‍ പനി പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയത്.
അതേസമയം ഡെങ്കിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ശുചീകരണ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. കഴിഞ്ഞവര്‍ഷം പഞ്ചായത്തില്‍ പത്തോളം ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ പനിയുടെ തോത് കൂടുതലാണ്. പനി പടര്‍ന്നു പിടിക്കുമ്പോഴും ശുചീകരണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്തവര്‍ക്കെതിരേ കര്‍ശനമായ നടപടിയെടുക്കാനുള്ള വ്യവസ്ഥ പൊതുജനാരോഗ്യ നിയമത്തിലില്ലാത്തത് ആരോഗ്യ വകുപ്പ് ജീവനക്കാരെ കുഴക്കുന്നു.
മദ്രാസ് പൊതുജനാരോഗ്യ നിയമമാണ് ഇപ്പോഴും ഇവിടെ നടപ്പാക്കുന്നത്.
അതു പ്രകാരം പരിസരം ശുചിയായി സൂക്ഷിക്കാത്തവര്‍ക്ക് നോട്ടിസ് നല്‍കി കോടതിയിലേക്ക് അയക്കാനേ കഴിയൂ. അതേസമയം ഇത്തരക്കാര്‍ക്കെതിരേ നേരിട്ട് നടപടിയെടുക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കു കഴിയും. എന്നാല്‍ അവര്‍ അത് വിനിയോഗിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."