തെരുവുവിളക്കുകള്‍ മിഴിയടച്ചു അന്ധകാരത്തില്‍ പുതിയ കല്പാത്തി പാലം
ഒലവക്കോട്: പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ കല്പ്പാത്തിപ്പുഴയ്ക്കു കുറുകെയുള്ള പുതിയപാലം വഴി സഞ്ചരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.
വൈകീട്ട് ഏഴു കഴിഞ്ഞാല്‍ ഈ വഴി പോകുമ്പോള്‍ ടോര്‍ച്ചോ മൊബൈല്‍ ഫോണ്‍ ലൈറ്റോ കൂടി കയ്യില്‍ കരുതുക. ഇല്ലെങ്കില്‍ തകര്‍ന്നുകിടക്കുന്ന സ്ലാബില്‍ തട്ടി 30 അടി താഴ്ചയുള്ള പുഴയിലേക്കു വീഴാം. ഈ ഭാഗത്ത് തെരുവുവിളക്കുകള്‍ പണിമുടക്കു തുടരുന്നതിനാല്‍ കണ്ണുകാണാനാകാത്ത സ്ഥിതിയാണ്.ഭൂരിഭാഗം യാത്രക്കാരും വാഹനവെളിച്ചത്തിന്റെ സഹായത്തോടെയാണു രാത്രി പാലത്തിലൂടെ സഞ്ചരിക്കുന്നത്.
ഒലവക്കോട് സായി ജംഗ്ഷന് മുതല്‍ വിക്ടോറിയ കോളജ് നൂറടി റോഡ് വരെ വഴിവിളക്കുകള്‍ ഒട്ടേറെയുണ്ടെങ്കിലും പ്രകാശിക്കാതായിട്ടു മാസങ്ങളായി. റോഡ് മാസങ്ങളായി ഇരുട്ടിലായിട്ടും നന്നാക്കാന്‍ നഗരസഭയുടെ ഭാഗത്തു നിന്നു നടപടിയില്ല. അറ്റകുറ്റപ്പണി ആരു നടത്തണമെന്ന കാര്യത്തിലും സംശയം തീര്‍ന്നിട്ടില്ല. വെളിച്ചമില്ലാത്തതിനാല്‍ പാലത്തില്‍ സാമൂഹികവിരുദ്ധരുടെ ശല്യവുമേറെയാണ്.
മദ്യപിച്ചെത്തുന്നവര്‍ ഇതര വഴിയാത്രക്കാര്ക്കുണ്ടാക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല. ഇതിനെല്ലാം ഇരുട്ട് കൂട്ടാണ്. പുതിയ പാലം വഴി രാവിലെ നടക്കാനിറങ്ങുന്നവര്‍ ടോര്‍ച്ചു കൂടി കരുതേണ്ട സ്ഥിതിയാണ്. ഓരോ വൈദ്യുതിത്തൂണിലും എല്ഇഡിലൈറ്റുകള് ഉണ്ടെങ്കിലും സ്ഥാപിച്ച് അധികം താമസിയാതെ പണിമുടക്കി. അറ്റകുറ്റപ്പണിയിലും വീഴ്ച തുടര്‍ന്നു. അതേ സമയം സായി ജംഗ്ഷന് മുതല്‍ ഒലവക്കോട് വരെ വഴി വിളക്കുകള്‍ പ്രകാശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."