പ്രധാനമന്ത്രി ആവാസ് യോജന: പ്രഖ്യാപിച്ചത് രണ്ടുകോടി വീടുകള്‍; പൂര്‍ത്തിയായത് 1623 എണ്ണം
ന്യൂഡല്‍ഹി: എല്ലാവര്‍ക്കും വീട് എന്ന സങ്കല്‍പത്തില്‍ ആരംഭിച്ച പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഇതുവരെ പൂര്‍ത്തിയായത് കേവലം 1623 വീടുകള്‍. പദ്ധതിയുടെ ഭാഗമായി 2022നകം രണ്ടു കോടി വീടുകളാണ് നിര്‍മിക്കേണ്ടത്.
ഓരോ വര്‍ഷവും പദ്ധതി പൂര്‍ത്തീകരണത്തിനായി 30 ലക്ഷത്തോളം വീടുകളാണ് നിര്‍മിക്കേണ്ടത്. എന്നാല്‍ പദ്ധതി പ്രഖ്യാപിച്ച് ഒരു വര്‍ഷമായിട്ടും വെറും 1623 വീടുകളാണ് നിര്‍മിച്ചിട്ടുള്ളത്.
2016 ജൂണ്‍ 15 വരെ ഏഴുലക്ഷം വീടുകള്‍ക്ക് അനുമതിയായിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം കടലാസില്‍ മാത്രം ഒതുങ്ങുകയാണ്. എന്‍.ഡി.എ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിച്ചത്.
ഇതുപ്രകാരം 718 വീടുകള്‍ ഛത്തീസ്ഗഡില്‍ നിര്‍മിച്ചു. ഗുജറാത്തില്‍ 823 വീടുകളും. ഇതാകട്ടെ ഉപപദ്ധതികളുടെ അടിസ്ഥാനത്തിലാണ് നിര്‍മാണം നടത്തിയതും.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി നാലായി തിരിച്ചാണ് നടപ്പാക്കുന്നത്. ചേരിപ്രദേശങ്ങളുടെ പുനര്‍നിര്‍മാണം, ആവശ്യക്കാര്‍ക്ക് വീട് നിര്‍മിച്ചു നല്‍കല്‍, പാര്‍ട്ണര്‍ഷിപ്പോടു കൂടിയുള്ള വീടു നിര്‍മാണം, വായ്പ സബ്‌സിഡി അടിസ്ഥാനത്തില്‍ വീട് എന്നിവയാണത്. ഉപപദ്ധതി പ്രകാരം 250 ചതുരശ്ര അടി വീട് നിര്‍മിക്കുന്നതിന് സര്‍ക്കാരിനോ ബില്‍ഡര്‍ക്കോ ബന്ധപ്പെട്ട ഏജന്‍സിക്കോ ഒന്നരലക്ഷം രൂപ സബ്‌സിഡി ലഭിക്കും.
ചേരിപ്രദേശക്കാര്‍ക്കായുള്ള വീടു നിര്‍മാണ പദ്ധതിയുടെ ഭാഗമായി ഇതുവരെ ഒരു വീടുപോലും നിര്‍മിച്ചിട്ടില്ല. സര്‍ക്കാര്‍ ഇതിന്റെ ഭാഗമായി 51 ഉപപദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ 45 പദ്ധതിയും ഗുജറാത്തിനാണ് നല്‍കിയത്. അതിലൊന്നും ഇതുവരെ നടപ്പായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."