സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിച്ച് യെദ്യൂരപ്പ
ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിച്ച് ബി.ജെ.പി നേതാവ് യെദ്യൂരപ്പ വീണ്ടും ഗവര്‍ണറെ സന്ദര്‍ശിച്ചു. ബി.എസ് യെദ്യൂരപ്പയെ ബി.ജെ.പി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. ഇന്ന് രാവിലെ നടന്ന നിയമസഭാകക്ഷി യോഗത്തിലായിരുന്നു തീരുമാനം.
പിന്തുണ ഉറപ്പാക്കുന്ന എം.എല്‍.എമാര്‍ ഒപ്പിട്ട കത്ത് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്. ഉചിതമായ തീരുമാനം പ്രതീക്ഷിക്കുന്നതായി രാജ്ഭവനില്‍ പുറത്തിറങ്ങവെ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, ഇന്ന് നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിന് 58 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മാത്രമാണ് എത്തിയത് എന്നാണ് വിവരം. എട്ട് മണിക്ക് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന നിയമസഭാകക്ഷി യോഗം ഇതുവരെ തുടങ്ങാനായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരെ യോഗത്തിനെത്തിക്കാന്‍ വിമാനം ഏര്‍പ്പാടാക്കിയതായും വാര്‍ത്തയുണ്ട്. ജെ.ഡി.എസ് നിയമസഭാ കക്ഷി യോഗവും ഇതുവരെ തുടങ്ങിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ഭൂരിപക്ഷം തെളിയിക്കാനായാല്‍ ബി.ജെ.പിയെ തന്നെയായിരിക്കും ഗവര്‍ണര്‍ ആദ്യം സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക. അതേസമയം, ഭൂരിപക്ഷം തെളിയിച്ച് ഇന്നലെതന്നെ കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം ഗവര്‍ണറെ കണ്ടിരുന്നു. പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ ഒപ്പോടുകൂടിയ കത്തും കൈമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."