ഉറുമ്പ്
ഇരുട്ട് നിറഞ്ഞ ഒരു ഗുഹയെന്നു കരുതിയാവണം അവന്‍ എന്റെ ചെവിയില്‍ കയറിയത്. രാത്രി രണ്ടു മണി ആയിക്കാണും. എന്റെ വിളികേട്ട് അമ്മ പാതിമയക്കത്തില്‍ അടുത്തുവന്നു. അലര്‍ജിക്കുള്ള ഗുളിക കുടിക്കുന്നതിനാല്‍ അമ്മയ്ക്കു നല്ല ക്ഷീണമാണ്.
സ്വന്തമായി അഭിപ്രായമില്ലാത്തവള്‍, അമ്മിക്കല്ലുപോലെ അരഞ്ഞു തീരേണ്ടവള്‍, വെളിച്ചവും കടുത്ത നിറങ്ങളും ഇല്ലാത്തവള്‍ എന്നൊക്കെയല്ലേ നമ്മുടെ അമ്മമാര്‍ക്കുള്ള വിശേഷണം...
ഉപ്പുവെള്ളം ചെവിയിലൊഴിച്ചു. ചെപ്പിത്തോണ്ടി കൊണ്ട് പരതി നോക്കി. യാതൊരു രക്ഷയുമില്ല. ഓപറേഷന്‍ കഴിഞ്ഞിട്ട് ഇന്നേക്ക് നാലു ദിവസമേ ആയിട്ടുള്ളൂ. ആദ്യമേ നല്ല നടുവേദനയുണ്ട്. ഇപ്പോ ഈ ഉറുമ്പും.
പാവം ചിലപ്പോ ഉറുമ്പ് ദിവസങ്ങളോളം പട്ടിണിയായിരിക്കാം, മനുഷ്യനാണെങ്കില്‍ പോലും ഗുഹയോ പൊത്തോ കാണുമ്പോള്‍ അതിനുള്ളില്‍ എന്താവാമെന്ന് ഒരു ജിജ്ഞാസ ഉണ്ടാവില്ലേ. വിശപ്പു കൂടി ഉണ്ടെങ്കിലോ ഒരു പ്രതീക്ഷയുമായിരിക്കും. അമ്മ ഇടയ്ക്കിടെ ഉറക്കം വന്നു തല താഴ്ത്തുന്നുണ്ട്. വീണ്ടും വെള്ളമൊഴിച്ചു. എന്നിട്ടും അത് പുറത്തു വരുന്നില്ല .
ഓപറേഷനു ശേഷം അവള്‍ വിളിച്ചിട്ടുണ്ടായിരുന്നില്ല. അല്ല, എന്തിനവള്‍ വിളിക്കണം? എന്റെ നേരെ സഹതപിക്കുന്നവരോട് എനിക്കു ദേഷ്യമാണ്. അമ്മയും അച്ഛനും ഒരു ചെറു ചിരിയോടെ ഏട്ടനും മാറി മാറി ചോദിക്കുന്നുണ്ട് ഏതാണ് ആ വിളിക്കുന്ന പെണ്‍കുട്ടി എന്ന്.
നാലു ദിവസമായി അവളുടെ യാതൊരു വിവരവുമില്ല. ആദ്യം നിരാശ തോന്നി. പിന്നീടത് ദേഷ്യമായി മാറി.
ഉറുമ്പേ... നീ ഏതായാലും തലക്കുള്ളില്‍ കയറിയതല്ലേ, കഴിയുമെങ്കില്‍ അവളെക്കുറിച്ചുള്ള ഓര്‍മകള്‍ കൂടി തിന്നു തീര്‍ക്ക്.
അവന്‍ ചെവിക്കുള്ളില്‍ നിന്നു കൈയും കാലുമിട്ടടിക്കുന്നുണ്ട്. എന്തായിരിക്കുമവന്‍ വിളിച്ചു പറയുന്നതെന്നാവോ. ഉറുമ്പിന് ജീവനുവേണ്ടിയുള്ള പ്രാര്‍ഥന, എനിക്കെന്റെ ചെവിക്കു വേണ്ടിയും. ചെവിയോ അതോ ജീവനോ വലുത്? ദൈവത്തിന്റെ ത്രാസില്‍ ഏതിനാണ് ഭാരക്കൂടുതല്‍ ?
ഒടുവില്‍ ദൈവഹിതം നടപ്പായി. കണ്ണുകള്‍ അടച്ച്, കൈ കാലുകള്‍ നിശ്ചലമാക്കി അവന്‍ പൊന്തിവന്നു. അമ്മയ്ക്കു സമാധാനമായി. എങ്ങനെ ഒരു ജീവന്‍ പോവുമ്പോള്‍ നമുക്ക് സന്തോഷിക്കാനാവും ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."