അയിനൂരില്‍ വിവാദ ടവര്‍ നിര്‍മാണം: ഭൂമി പുറംപോക്ക് തന്നെയെന്ന് സമരക്കാര്‍
കുന്നംകുളം : കാട്ടകാമ്പാല്‍ അയിനൂരില്‍ വിവാദ ടവര്‍ നിര്‍മാണം നടക്കുന്ന ഭൂമി പുറംപോക്കു തന്നെയെന്നു സമരക്കാര്‍. സമരക്കാര്‍ നല്‍കിയ പരാതിയിന്മേല്‍ റവന്യൂ ഉദ്യോഗസഥര്‍ സ്ഥലത്തു പരിശോധന നടത്തി. അയിനൂര്‍ ഗാന്ധി റോഡില്‍ സ്വകാര്യ വ്യക്തി വിലക്കടുത്തു രണ്ടര സെന്റ് ഭൂമി സ്വകാര്യ മൊബൈല്‍ കമ്പനിക്കു ടവര്‍ നിര്‍മിക്കനായി നല്‍കിയിരുന്നു.
ജനവാസ മേഖലയില്‍ ടവര്‍ നിര്‍മിക്കരുതെന്നു കാട്ടി പരിസരവാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് വിവാദമുടലെടുത്തത്. സര്‍ക്കാര്‍ അനുമതിയോടെ നിര്‍മിക്കുന്ന ടവര്‍ നിര്‍മ്മാണം തടസ്സപെടുത്തുന്നുവെന്നു കാട്ടി കമ്പനി അധികൃതര്‍ പരാതി നല്‍കിയതോടെ ഇവരുടെ സംരക്ഷണത്തിനു പൊലിസെത്തി.
സ്ത്രീകളുള്‍പടേയുള്ള സമരക്കാരെ അറസ്റ്റ് ചെയ്ത് ടവര്‍നിര്‍മ്മാണത്തിന് സഹായമൊരുക്കാനുള്ള പൊലീസ് നീക്കം ജനകീയ ചെറുത്തു നില്‍പു മൂലം പരാജയപെടുകയായിരുന്നു. പൊലീസും നാട്ടുകാരും നേര്‍ക്ക് നേരെ നിന്ന് പൊരുതുമെന്ന ഘട്ടത്തില്‍ സ്ഥലം എം.എല്‍.എ കൂടിയായ വ്യവസായ കായിക വകുപ്പു മന്ത്രി എ.സി മൊയ്തീന്‍ ഇടപെട്ടാണു താല്‍ക്കാലികമായി നിര്‍മാണം നിര്‍ത്തിവെച്ചത്. ഇതിനിടെയാണ് സ്ഥലം പുറംപോക്കാണ് എന്ന് കാട്ടി സമരക്കാര്‍ പരാതി നല്‍കിയത്.
സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ക്ക് ഇവര്‍ തന്നെ രേഖകളുടെ പകര്‍പ്പും നല്‍കി. ടവറിന്റെ ഒരു ഭാഗം നിര്‍മിച്ചിരിക്കുന്നത് പുറം പോക്ക് ഭൂമിയില്‍ തന്നെയാണെന്ന നിലപാടിലാണ് ഉദ്യോഗസ്ഥരും മാത്രമല്ല, യാതൊരു അനുമതിയുമില്ലാതെ കുന്നിടിച്ചതായും പരാതിക്കാര്‍ പറയുന്നു.
കുന്നിന്റെ ഒരു ഭാഗം കഴിഞ്ഞ ദിവസത്തെ മഴയില്‍ ഇടിഞ്ഞു തുടങ്ങിയിട്ടുമുണ്ട്. സ്ഥലത്ത് വിശദമായി പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ച ശേഷം ഔദ്യോഗിക വിവരം വ്യക്തമാക്കും.
ഭൂമി സംബന്ധിച്ചു നിര്‍മാണ സ്ഥലത്ത് സമരക്കാര്‍ കുടില്‍കെട്ടി പ്രതിഷേധ സമരം തുടരുകയാണ്. ഇതിനിടെ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ച നിര്‍മാണ പ്രവര്‍ത്തനം ഞായറാഴ്ച മുതല്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് കരാറുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."