അപകട ഭീഷണിയുയര്‍ത്തി അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ്
അങ്കമാലി: യാത്രകാര്‍ക്ക് അപകട ഭീഷണിയുയര്‍ത്തി അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലെ കുഴികള്‍. ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന കേരളത്തിന്റെ മധ്യഭാഗമായ അങ്കമാലിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലെ ബസ് നിര്‍ത്തുന്ന ഗ്രൗണ്ടില്‍ രുപം കൊണ്ടിട്ടുള്ള അപകടക്കുഴികളാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാര്‍ക്ക് അപകട ഭീഷണിയാകുന്നത്. ഏതു സമയവും വന്‍ അപകടത്തിന് കാരണമാകാവുന്ന നിരവധി വന്‍കുഴികളാണ് സ്റ്റാന്റില്‍ രുപം കൊണ്ടിട്ടുള്ളത്. മഴ പെയ്താല്‍ കുഴികളില്‍ വെള്ളം നിറഞ്ഞ് ബസ് ഡ്രൈവര്‍മാര്‍ കുഴികള്‍ ശ്രദ്ധിക്കാതിരിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകും. രാത്രികാലങ്ങളില്‍ എത്തുന്ന അതിവേഗ സര്‍വീസുകളാണ് അപകടത്തില്‍പെടാനുള്ള സാധ്യത കൂടുതലും. അധികാരികള്‍ കണ്ണുതുറന്നില്ലങ്കില്‍ ഈ വരുന്നവര്‍ഷകാലത്ത്കാത്തിരിക്കുന്നത് വലിയ അപകടമാണ്.
ആറ് വര്‍ഷം മുന്‍പാണ് അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ കം ഷോപ്പിങ്ങ് കോംപ്ലക്‌സ് ഇന്നത്തെ നിലയില്‍ പുതുക്കിപ്പണിതതിനു ശേഷം പ്രവര്‍ത്തനം ആരംഭിച്ചത്. ബസ് സ്റ്റാന്റില്‍ ബസ് നിര്‍ത്തുന്നതിനുള്ള ഗ്രൗണ്ടില്‍ വിരിച്ച ടൈല്‍ ഇളകിയും നിരപ്പില്‍ നിന്നും താഴേക്ക് ഇരുന്നുമാണ് കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. ദേശിയപാതയോട് ചേര്‍ന്നുള്ള അപൂര്‍വം സ്റ്റാന്റുകളിലൊന്നാണ് അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ്. ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ടൈല്‍ വിരിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചെങ്കിലും ഇത് എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്ന് അധികൃതര്‍ക്ക് ഇതുവരെ വ്യക്തമാക്കുവാന്‍ കഴിഞ്ഞിട്ടില്ല . വേനല്‍ മഴ ആരംഭിച്ചതോടെയാണ് ഗ്രൗണ്ടിലെ കുഴികള്‍ അപകടക്കുഴികളായത്. വേനല്‍മഴയില്‍ ഇതാണ് അവസ്ഥയെങ്കില്‍ കാലവര്‍ഷം ആരംഭിച്ചാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും. ഒരാഴ്ച മുന്‍പാണ് സ്റ്റാന്റിലെ വെള്ളക്കുഴിയില്‍ യാത്രക്കാരിയായ അമ്മയും കുഞ്ഞും വെള്ളം നിറഞ്ഞകുഴിയില്‍ വീണ് അപകടം സംഭവിച്ചത്.
അതീവ അപകടകരമായ കുഴി നിരപ്പാക്കുകയോ ഇളകിയ ടൈല്‍ അടിയന്തിരമായി മാറ്റുകയോ വേണമെന്നും ആവശ്യപ്പെട്ട് യാത്രക്കാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."